കേരളം

സിംഹക്കൂട്ടിലേക്ക് എടുത്ത്ചാടിയ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മൃഗശാല കാണാനെത്തിയ യുവാവ് സിംഹക്കൂട്ടിലേക്ക് എടുത്തുചാടി. സിംഹത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിനിടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൃത്യസമയത്ത് മൃഗശാല ജീവനക്കാര്‍ ഇടപെട്ടതുകൊണ്ടാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാനായത്. പിടികൂടിയ യുവാവിനെ ഒടുവില്‍ പൊലീസിനു കൈമാറി.

ഒറ്റപ്പാലം തോണിപ്പാടത്ത് വീട്ടില്‍ മുരുകന്‍(33) ആണ് ജീവനക്കാരുടെ ഇടപെടല്‍ കൊണ്ട് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഫെബ്രുവരി 18 മുതല്‍ ഇയാളെ കാണ്മാനില്ലെന്നറിയിച്ച്  വീട്ടുകാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. പൊലീസിലും പരാതി നല്‍കി. അതിനു പിന്നാലെയാണു സംഭവം. ഇയാള്‍ക്കൊപ്പം ഒരു വനിത കൂടി ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഇന്ന് ഉച്ചയ്ക്കാണ് തിരുവനന്തപുരം മൃഗശാലയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ടിക്കറ്റെടുത്താണ് മുരുകന്‍ മൃഗശാലയുടെ അകത്തേക്ക് പ്രവേശിച്ചത്. ഇതിനുശേഷം  ആരുടെയും ശ്രദ്ധയില്‍പ്പെടാതെ സിംഹത്തിന്റെ കൂടിനു ചുറ്റുമുള്ള വമ്പന്‍ കമ്പിവേലിയിലേക്കു പിടിച്ചു കയറുകയായിരുന്നു. പിന്നീട് അരമതിലും ചാടിക്കടന്ന ഇയാള്‍ കൂടിനു ചുറ്റുമുള്ള കിടങ്ങിനു മുകളിലൂടെയും ചാടി.  ഇതിനിടെ പരുക്കു പറ്റിയതിനെത്തുടര്‍ന്ന് ഇഴഞ്ഞാണ് സിംഹത്തിനു സമീപത്തേക്കു പോയത്.

രണ്ടു വയസ്സുള്ള ഗ്രേസി എന്ന സിംഹത്തിന്റെ കൂടായിരുന്നു ഇത്. അക്രമസ്വഭാവമില്ലാത്തതാണെങ്കിലും മുരുകന്‍ സമീപത്തേക്കു ചെന്നു പ്രകോപിപ്പിച്ചതോടെ സിംഹവും പ്രതികരിച്ചു തുടങ്ങി. അതിനിടെ സന്ദര്‍ശകര്‍ ബഹളം വച്ചതിനെത്തുടന്‍ന്ന് മൃഗശാല ജീവനക്കാര്‍ എത്തുകയായിരുന്നു. മുരുകനോട് തിരികെ വരാന്‍ പറഞ്ഞെങ്കിലും കേട്ട ഭാവം നടിച്ചില്ല. 

അതിനിടെ ജീവനക്കാര്‍ സിംഹത്തിന്റെ ശ്രദ്ധ മാറ്റി കൂട്ടില്‍ കയറ്റി. പിന്നീട് മതില്‍ ചാടിക്കടന്ന് മുരുകനെ തൂക്കിയെടുത്ത് പുറത്തെത്തിക്കുകയായിരുന്നു. പിന്നാലെ പൊലീസും അഗ്‌നിശമനസേനയും എത്തി.

അര്‍ഷാദ്, അരുണ്‍, കിരണ്‍, രാജീവ്, രാധാകൃഷ്ണന്‍, ഉദയലാല്‍, ഷൈജു, ബിജു, സനല്‍ എന്നീ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയത്. മൂന്നു ദിവസം മുന്‍പാണ് മുരുകനെ വീട്ടില്‍ നിന്നു കാണാതായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍