കേരളം

സ്വത്തു തര്‍ക്കത്തില്‍ മകനെ കുടുക്കാന്‍ ശബരിമലയില്‍ ബോംബെന്ന് സന്ദേശം; പിതാവിനെത്തേടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ശബരിമല: സ്വത്തു തര്‍ക്കത്തില്‍ ഉടക്കിയ മകനെ കുടുക്കാന്‍ ശബരിമലയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നല്‍കിയ പിതാവിനെ തേടി കര്‍ണാടകയിലേക്ക്. കര്‍ണാടക ഹൊസൂരിലെ ഉമാശങ്കറെ തേടിയാണ് പൊലീസ് യാത്ര തിരിച്ചത്.

ചൊവ്വാഴ്ച രാത്രി പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ലഭിച്ച സന്ദേശമാണ് സംഭവത്തിന് അടിസ്ഥാനം. ഹൊസൂരില്‍നിന്നാണ് കോള്‍ വന്നത്. അവിടെനിന്ന് ശബരിമല ദര്‍ശനത്തിനു വന്ന ഒന്‍പതംഗ സംഘത്തില്‍ ഒരാളുടെ കൈയില്‍ ബോംബുണ്ടെന്നായിരുന്നു സന്ദേശം. ഹെല്‍പ് ലൈനിലേക്കാണ് കോള്‍ വന്നത്. 

തിരിച്ചു വിളിച്ചപ്പോഴാണ് ഉമാശങ്കര്‍ എന്നാണ് തന്റെ പേരെന്ന് വിളിച്ചയാള്‍ വെളിപ്പെടുത്തിയത്. ഒന്‍പതംഗ സംഘത്തിലെ തിമ്മിരാജ് എന്നയാളുടെ പക്കലാണ് ബോംബ് ഉള്ളതെന്നും പറഞ്ഞു.

സന്ദേശം ലഭിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. പരിശോധന ഊര്‍ജിതമാക്കി ബോംബ് കണ്ടെത്താന്‍ ശ്രമം നടത്തി. ഹൊസൂരില്‍നിന്നു വന്ന തിമ്മിരാജിനെ കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം. സന്നിധാനം സ്‌പെഷല്‍ ഓഫിസര്‍ ദേബേഷ് കുമാര്‍ ബെഹ്രറയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെയോടെ തിമ്മിരാജിനെ കണ്ടെത്തി.

ഇതോടെയാണ് കഥയുടെ ക്ലൈമാക്‌സ് പുറത്തായത്. ഉമാശങ്കര്‍ തന്റെ പിതാവാണെന്നും സ്വത്തു സംബന്ധിച്ച് പിതാവുമായി തര്‍ക്കം നടന്നുവരികയാണെന്നും തിമ്മിരാജ് പറഞ്ഞു. തന്നെ കുടുക്കാനായിരിക്കും പിതാവ് ഇങ്ങനെയൊരു സന്ദേശം വിളിച്ചുപറഞ്ഞത് എന്നാണ് തിമ്മിരാജ് പറയുന്നത്. തിമ്മിരാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉമാശങ്കറെ അന്വേഷിച്ച് ഹൊസൂരിലേക്ക് സംഘം തിരിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത