കേരളം

വികാസ യാത്ര;  ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ വീണ്ടും കുമ്മനത്തിന്റെ കേരള പര്യടനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വീണ്ടും കേരള പര്യടനത്തിനൊരുങ്ങി ബിജെപി. വികാസ യാത്രയെന്ന് പേരിട്ടിരിക്കുന്ന പര്യടനം,ഈ മാസം 16മുതല്‍ മാര്‍ച്ച് 15വരെയാണ് നടത്തുക. 

ഓരോ ജില്ലകളിലും രണ്ട്, മൂന്ന് ദിവസം വീതമായിരിക്കും പര്യടനം. 16ന് തൃശൂരില്‍ തുടങ്ങുന്ന പര്യടനം മാര്‍ച്ച് 15ന് കോട്ടയത്ത് സമാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 

ലോകകേരള സഭ എന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന സമ്മേളനം തട്ടിപ്പാണെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തി. കേരളത്തിന്റെ വികസനത്തിനായി ഒരു പദ്ധതിയും ആവിഷ്‌കരിച്ച്  അവതരിപ്പിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല. കേന്ദ്രം അനുവദിച്ച ആയിരക്കണക്കിന് കോടി രൂപ പാഴാക്കി കളയുകയാണ്. സമ്മേളന മാമാങ്കം നടത്തുന്ന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം 12 കെഎസ്ആര്‍ടിസി ജീവനക്കാരാണ് ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കണം. 

വി.ടി.ബല്‍റാം എംഎല്‍എയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പ്രതികരണങ്ങള്‍ അസഹിഷ്ണുത മൂലമാണ്. സിപിഎം മറന്ന എകെജിയെ വീണ്ടും അവരുടെ ഓര്‍മയിലെത്തിച്ചത് ബല്‍റാമാണ്. ഇന്ത്യന്‍ കോഫീ ഹൗസുകളിലല്ലാതെ എകെജിയുടെ ചിത്രം  സിപിഎമ്മുകാര്‍ എവിടെയും ഉപയോഗിക്കുന്നില്ല. സിപിഎം സമ്മേളനങ്ങളില്‍ എകെജിയും പി.കൃഷ്ണപിള്ളയും അപ്രത്യക്ഷമായി. പകരം കിം ജോങ് ഉന്നും ചെ ഗവേരയുമാണ് ഇടം പിടിക്കുന്നതെന്നും എ.എന്‍രാധാകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'