കേരളം

ക്ഷേത്രങ്ങളില്‍ കോളാമ്പി മൈക്ക് വേണ്ട; നിരോധന ഉത്തരവിറക്കാന്‍ ദേവസ്വത്തിന് ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കോളാമ്പി മൈക്കിന്റെ ഉപയോഗം നിരോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ക്ഷേത്രങ്ങളിലും അനുബന്ധ ചടങ്ങുകളിലും ബോക്‌സ് ടൈപ്പ് സ്പീക്കര്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ ദേവസ്വം കമ്മിഷണറോട് ഹൈക്കോടതി ഉത്തരവിട്ടു.

ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിനാല്‍ കോളാമ്പി മൈക്ക് ഉപയോഗം നിരോധിച്ചിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കോളാമ്പി മൈക്ക് ഒഴിവാക്കുകയാണെന്നും ബോക്‌സ് ടൈപ്പ് സ്പീക്കര്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും 2014ല്‍ ബോര്‍ഡ് ഉറപ്പുനല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. മുതുകുളം പാണ്ഡവര്‍ക്കാട് ദേവീക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് കോളാമ്പി മൈക്ക് ഉപയോഗിക്കുന്നുവെന്നാരോപിച്ച് മുതുകുളം സ്വദേശിയായ എവി മോഹനന്‍ പിള്ളയാണ് ഹര്‍ജി നല്‍കിയത്.

ഇക്കാര്യത്തില്‍ ബോര്‍ഡിനോടും പൊലീസിനോടും കോടതി വിശദീകരണം തേടിയിരുന്നു. ബോക്‌സ് ടൈപ്പ് സ്പീക്കറാണ് ഉപയോഗിക്കുന്നത് എന്ന വിശദീകരമാണ് പൊലീസ് നല്‍കിയത്. 

പൊലീസിന്റെയും ബോര്‍ഡിന്റെയും വിശദീകരണം കണക്കിലെടുത്ത കോടതി, അറിഞ്ഞോ  അറിയാതെയോ നിയമ ലംഘനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു വിലയിരുത്തിയാണ് പൊതു സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ദേവസ്വം കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ