കേരളം

'മിനി കൂപ്പര്‍' രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിച്ച് ; കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യാജ മേല്‍വിലാസത്തിലാണ് ഫൈസലിന്റെ മിനികൂപ്പര്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും, ഇതുവഴി വന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൊടുവള്ളി നഗരസഭ കൗണ്‍സിലറാണ് ഫൈസല്‍. 

കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രത യാത്രയോടെയാണ് കാരാട്ട് ഫൈസലിന്റെ മിനികൂപ്പര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ജനജാഗ്രതായാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ കോടിയേരി സഞ്ചരിച്ചത് ഈ മിനി കൂപ്പറിലായിരുന്നു. ഇത് വിവാദമായതോടെ സിപിഎം ജില്ലാ, പ്രാദേശിക നേതാക്കളെ സംസ്ഥാന നേതൃത്വം ശാസിക്കുകയും ചെയ്തിരുന്നു. 

കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വാഹനരജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. കേരളത്തിലെയും പോണ്ടിച്ചേരിയിലെയും വിലാസത്തിലാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരു താമസക്കാരന്‍ ഇല്ലെന്ന് കാണിച്ച് പോണ്ടിച്ചേരിയില്‍ നിന്ന് മറുപടി ലഭിച്ചു. ഇതോടെ കാര്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജമായാണെന്ന് മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തി. 

നമ്പര്‍ 4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യേല്‍പേട്ട് എന്ന വ്യാജ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വിലാസത്തില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അദ്ധ്യാപകനാണ്. ഇതോടെയാണ് വിലാസം വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 7,74,800 രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി ആര്‍ടിഒ ഫൈസലിന് നോട്ടീസ് നല്‍കി. 

എന്നാല്‍ കാര്‍ ഓടുന്നത് പോണ്ടിച്ചേരിയിലാണ്. കേരളത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ കാര്‍ ഓടിയിട്ടുള്ളൂ. അതിനാല്‍ പിഴ അടക്കാനാവില്ലെന്ന് കാരാട്ട് ഫൈസല്‍ ആര്‍ടിഒയ്ക്ക് മറുപടി നല്‍കി. എന്നാല്‍, മിനി കൂപ്പര്‍ 2016 മുതല്‍ കേരളത്തില്‍ ഉപയോഗിക്കുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. 
കാരാട്ട് ഫൈസലിന്റെ മറുപടി ആര്‍ടിഒ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കുകയും, അദ്ദേഹം ക്രൈംബ്രാഞ്ചിന് അന്വേഷണത്തിനായി കൈമാറുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍