കേരളം

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ മൂലം നീതി നിഷേധിക്കപ്പെടുന്നു; മുഖ്യമന്ത്രിക്ക് യുവതിയുടെ തുറന്ന കത്ത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഭര്‍തൃപീഡനത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് യുവതിയുടെ തുറന്ന കത്ത്. ഭര്‍ത്താവില്‍ നിന്ന് പീഡനമേല്‍ക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ കാരണം തനിക്ക് നീതി ലഭിക്കുന്നില്ലെന്നുമാണ് കയ്പമംഗലം സ്വദേശിയായ സുനിത ചരുവില്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.

പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നും വീട്ടമ്മ പറഞ്ഞു. പലപ്രാവിശ്യം നിയമസഹായം തേടിയെങ്കിലും സിപ.ഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരിയുടെയും ചിന്തയിലെ ജീവനക്കാരനുമായ ഭര്‍ത്താവിന്റെയും ഇടപെടല്‍ കാരണം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് തനിക്ക് നീതി ലഭിക്കുന്നതില്‍ തടസം സൃഷ്ടിക്കുകയാണെന്ന് വീട്ടമ്മ പറഞ്ഞു.

തന്നെ അകാരണമായി മര്‍ദ്ദിച്ചുവെന്നും, വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുന്ന രീതിയില്‍ പീഡനം തുടര്‍ന്നുവെന്നുമാണ് സുനിത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. പട്ടിയെ കെട്ടുന്ന ബെല്‍റ്റുകൊണ്ട് നിരന്തരം അടിക്കുമെന്നും വീട്ടമ്മ ആരോപിക്കുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട തന്നെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പരാതി നല്‍കിയെങ്കിലും പൊലീസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്നും വീട്ടമ്മ ആരോപിക്കുന്നുണ്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ സഹിതമാണ് വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബഹു: കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് !!!

കഴിഞ്ഞ 21 വർഷമായി ഭർതൃപീഡനം അനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാൻ... ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു.. പലപ്രാവിശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാർട്ടിയുടെ സംസ്ഥാനഓഫീസായ AKG ഭവനിൽ ജോലി ചെയ്യുന്ന ഭർതൃ സഹോദരിയുടെയും "ചിന്ത"യിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരി ഭർത്താവിന്റെയും അവിഹിത ഇടപെടൽ മൂലം നിയമപാലകർ ഏകപക്ഷീയ നിലപാടുകൾ എടുക്കുകയാണുണ്ടായത്. ഞാൻ നിസ്സഹായായി...രണ്ടു വർഷം മുൻപ് എന്റെ കൈ തല്ലിയൊടിച്ചു.. ശരീരമാസകലം പരിക്കേൽപിച്ചു ... എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീർത്തു...

ഇക്കഴിഞ്ഞ ജനുവരി 9 ന് എന്റെ അച്ഛന്റെ മരണാവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിന്റെ വീട്ടലെത്തിയ എന്നെ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകൾക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു... എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെൽറ്റിനാൽ തുരുതുരാ അടിച്ചു പൊളിച്ചു... ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മർദ്ദനമുറകൾ... ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത് .. ഇന്റിമേഷൻ പോയി രണ്ടു നാൾ കഴിഞ്ഞാണ അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്...
എടുത്ത കേസ് ആകട്ടെ ദുർബലമായ വകുപ്പുകളും ചേർത്ത്.
സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ഇടപെടൽ ഇത്തവണയും അതിശക്തമായിരുന്നു...
അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സർക്കിൾ ഇൻസ്‌പെക്ടർ നൽകിയ മറുപടി 'മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ്.. 
സർ... സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ 
ഇത്ര മാരകമായി മർദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടായത് ??!!
താങ്കളുടെ അറിവോടെയല്ലെങ്കിൽ അങ്ങയുടെ ഓഫീസിന്റെ മറവിൽ നടക്കുന്ന ഇത്തരം അനീതികൾ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നിറമിഴികളോടെ യാചിക്കുന്നു...
എന്ന് ഒരു ഇടതുപക്ഷ സഹയാത്രികകൂടിയായ

സുനിത സി.എസ് 
കൈപ്പമംഗലം 
തൃശൂർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം