കേരളം

വധശിക്ഷ നല്‍കിയില്ലെങ്കില്‍ ഇത് ആവര്‍ത്തിക്കും; കോടതി സ്വീകരിച്ചത് കര്‍ക്കശ നിലപാട്; ഉരുട്ടിക്കൊലക്കേസിലെ വിധിയുടെ വിശദാംശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. കൊലയ്ക്ക് ശേഷം കേസ് തേച്ചുമാച്ച് കളയാനുള്ള പ്രതികളുടെ നടപടികള്‍ വധശിക്ഷനല്‍കുന്നതില്‍ നിര്‍ണായകമായി. സാക്ഷികളെ ഭീഷണിപ്പെടുത്തിയത് മാനസികപരിവര്‍ത്തനം ഉണ്ടാകില്ലെന്നതിന്റെ തെളിവാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ വ്യാജരേഖ ചമയ്ക്കല്‍ ഗൂഡാലോചന തുടങ്ങി പലശ്രമങ്ങളും നടത്തി. ഇതെല്ലാം പ്രതികള്‍ക്ക് മാനസിക പരിവര്‍ത്തനത്തിന് സാധ്യതയില്ലെന്ന നിഗമനത്തിലേക്ക് കോടതി എത്താന്‍ ഇടയായി. പ്രതികളുടെ പ്രായം വധശിക്ഷ നല്‍കുന്നതിന് തടസ്സമല്ലെന്നും കോടതി വിധി ന്യായത്തില്‍ പറയുന്നു. പൊലീസുകാര്‍ കൊലയാളികളാവുമ്പോള്‍ പൊതുജനത്തിന്റെ സുരക്ഷ അപകടത്തിലാകുമെന്നും ഇത്തരം സംഭവങ്ങളിള്‍ വധശിക്ഷ നല്‍കിയില്ലെങ്കില്‍ ആവര്‍ത്തിക്കപ്പെടുമെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു

ഒന്നാം പ്രതി എഎസ്‌ഐ ജിതകുമാറിനും രണ്ടാം പ്രതി സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീകുമാറിനുമാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ വധശിക്ഷ വിധിച്ചത്. ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ടി.അജിത് കുമാര്‍ എന്നിവര്‍ക്കാണ് തടവുശിക്ഷ. ഇവര്‍ അയ്യായിരം രൂപ പിഴ അടയ്ക്കണം.

കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 13 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ വെച്ച് പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്.

കേസിലെ ഒന്നും രണ്ടും പ്രതികളായ പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. മൂന്നാം പ്രതിയായ പൊലീസുകാരന്‍ എസ് വി സോമന്‍ വിചാരണയ്ക്കിടെ മരിച്ചു. അതിനാല്‍ അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു, തെളിവു നശിപ്പിച്ചു, വ്യാജ രേഖകള്‍ നിര്‍മിച്ചു തുടങ്ങിയ കുറ്റങ്ങളും കോടതി കണ്ടെത്തി.

പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനും സിബിഐ കേസെടുത്തിരുന്നു.സോമന്‍ മരിച്ചതോടെ, കേസില്‍ അഞ്ചു പ്രതികളാണ് അവശേഷിച്ചത്.

2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിന് വിധേയനായി. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ വെച്ച് മരിച്ചു. കേസ് ഇല്ലാതാക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന