കേരളം

മലയാള ഭാഷാപണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എഴുത്തുകാരനും മലയാള ഭാഷാപണ്ഡിതനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 

കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായരുടേയും എന്‍. ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. സംസ്‌കൃതത്തില്‍ ശാസ്ത്രിയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1957ല്‍ മലയാളം എം.എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദവര്‍മ്മ സ്മാരക സമ്മാനം നേടി. ഭാഷാ, സാഹിത്യ സംബന്ധിയായ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

വിദ്യാര്‍ത്ഥി കാലത്തുതന്നെ പന്മന മലയാളത്തിലും സംസ്‌കൃതത്തിലും കവിതാരചന നടത്തുകയും മാസികകള്‍ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ശൂരനാട്ട് കുഞ്ഞന്‍ പിള്ള എഡിറ്റര്‍ ആയിരുന്ന കേരളസര്‍വകലാശാലാ ലെക്‌സിക്കനില്‍ രണ്ട് വര്‍ഷം ജോലി നോക്കി. 1960ല്‍ വകുപ്പധ്യക്ഷന്‍ പ്രൊഫ. എസ്. ഗുപ്തന്‍ നായരുടെ കീഴില്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ മലയാള അധ്യാപകനായി. 1958ല്‍ ഗ്രന്ഥശാലാസംഘത്തില്‍ അംഗമാകുകയും രണ്ടാംവര്‍ഷത്തില്‍ ഗ്രന്ഥലോകത്തിന്റെ സഹപത്രാധിപര്‍ ആകുകയും ചെയ്തു.

28 വര്‍ഷം നീണ്ട അധ്യാപന സപര്യയില്‍ കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ്, തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ്, തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി സായാഹ്ന കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പന്മന പഠിപ്പിച്ചു. 1987ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം വകുപ്പ് മേധാവിയായി വിരമിച്ചു.

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരിക്കെ സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാന്‍ അഞ്ചു നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. 1987ല്‍ സര്‍വകലാശാലയുടെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് സമതിയംഗം എന്ന നിലക്ക് വിഖ്യാത ചരിത്രകാരന്‍ എ. ശ്രീധര മേനോനെക്കൊണ്ട് സര്‍വകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ സമിതിയംഗവും 1991ല്‍ സ്ഥാപിച്ച പി. കെ. പരമേശ്വരന്‍ നായര്‍ ട്രസ്റ്റിന്റെ സ്ഥാപക അംഗവുമായി പ്രവര്‍ത്തിച്ചു. 

പന്മന 20 പുസ്തകങ്ങള്‍ രചിച്ചു. ഇവയില്‍ ഭാഷാസംബന്ധിയായ അഞ്ചെണ്ണവും അഞ്ച് ബാലസാഹിത്യ കൃതികളും ഉള്‍പ്പെടും. ഭാഷാപുസ്തകങ്ങള്‍ ഉടലെടുത്തത് ക്ലാസ്മുറികളിലെ വിദ്യാര്‍ത്ഥിവൃന്ദത്തോടുള്ള ഇടപഴകലുകളില്‍ നിന്നും ചുറ്റുപാടുകളുടെ നിരന്തര നിരീക്ഷണത്തില്‍ നിന്നുമാണ്. ഇവയെ സമാഹരിച്ച് നല്ല ഭാഷ എന്ന ഒറ്റക്കൃതിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ബാലസാഹിത്യകൃതികളും സമാഹരിക്കപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം