കേരളം

മാരക രാസവസ്തു ചേര്‍ന്ന മീന്‍ സംസ്ഥാനത്തേയ്ക്ക് വ്യാപകമായി എത്തുന്നു; ഫോര്‍മാലിനില്‍ ഇട്ടുവെച്ച 6000 കിലോ മത്തി തിരിച്ചയച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന മത്സ്യത്തില്‍ മാരക രാസവസ്തുവായ ഫോര്‍മാലിന്റെ സാന്നിധ്യം ആപല്‍ക്കരമായ അളവില്‍ വര്‍ധിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. കാന്‍സറിന് കാരണമാകുന്ന ഫോര്‍മാലിന്‍ ഉപയോഗിച്ച് സൂക്ഷിച്ച 6000 കിലോഗ്രാം മത്സ്യം ചെക്ക്‌പോസ്റ്റില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. തുടര്‍ന്ന് ഹൈദരാബാദിലേക്ക് ഇവ തിരിച്ചയച്ചു. തിരുവനന്തപുരം ഇടപ്പഴഞ്ഞി മാര്‍ക്കറ്റിലേക്ക് ഹൈദരാബാദില്‍ നിന്നും കൊണ്ടുവന്ന വലിയ ലോഡ് ചാളമത്സ്യമാണ് തിരിച്ചയച്ചത്. ഫോര്‍മാലിന്റെ സാന്നിധ്യം വര്‍ധിച്ച തോതിലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അമരവിള ചെക്ക്‌പോസ്റ്റില്‍ ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ്  മത്സ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിശദ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലേക്ക് അയച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ അമിത തോതില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതായാണ് അധികൃതരുടെ കണ്ടെത്തല്‍. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി വഴിയാണ് മത്സ്യം കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത്. മത്സ്യം ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. കാന്‍സര്‍ പോലുളള മാരകരോഗങ്ങള്‍ക്ക്് ഫോര്‍മാലിന്റെ ഉപയോഗം കാരണമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ പരിശോധനയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

അടുത്തകാലത്തായി കടത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം, കാഞ്ഞിരപ്പളളി തുടങ്ങിയ ഇടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളെല്ലാം പോസിറ്റിവായിരുന്നു. പ്രോസിക്യൂഷന്‍ അടക്കം കടുത്ത നടപടികള്‍ സ്വീകരിക്കാനുളള ഒരുക്കത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര