കേരളം

അവസാനത്തെ സുവര്‍ണ മണിക്കൂറിലാണോ നമ്മള്‍?: എന്‍.എസ് മാധവന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അവസാനത്തെ സുവര്‍ണ മണിക്കൂറിലാണോ നമ്മള്‍? ചോദിക്കുന്നത് എക്കാലത്തേയും പ്രധാനപ്പെട്ട രാഷ്ട്രീയകഥകളില്‍ ഒന്നായ തിരുത്ത് എഴുതിയ എന്‍. എസ്. മാധവന്‍. കൃതി സാഹിത്യവിജ്ഞാനോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മലയാളത്തിന്റെ പ്രിയകഥാകാരന്‍. 

മതേതരവാദിയായ നെഹ്രു രാമായണ റീടോള്‍ഡ് നിരോധിച്ചത് മാധവന്‍ ഓര്‍മിച്ചു. എന്നാല്‍ ഇന്ന് ഭരണകൂടങ്ങളല്ല ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അവര്‍ക്കതിന്റെ ആവശ്യവുമില്ല. അതിനേക്കാള്‍ അപകടകരമാണ് ഇന്നത്തെ സ്ഥിതി. കാരണം ഇന്ന് ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആള്‍ക്കൂട്ടങ്ങളാണ്. ദി ഹിന്ദൂസ് ആന്‍ ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററിയും ശിവാജി ഹിന്ദു കിംഗ് ഇന്‍ ഇസ്ലാമിക് ഇന്ത്യയും ഭരണകൂടങ്ങള്‍ നിരോധിച്ചില്ലെന്നോര്‍ക്കണം. അത് പ്രസാധകര്‍ സ്വയം പിന്‍വലിക്കേണ്ടുന്ന അവസ്ഥ വരികയായിരുന്നു. പെരുമാള്‍ മരുകനെ നിശബ്ദനാക്കാന്‍ വന്നതും ജാതിയാഥാസ്ഥിതികരായിരുന്നു, ഭരണകൂടമല്ല. 

ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തുറന്ന് പ്രതിഷേധിക്കുന്ന പ്രവണത എവിടെയുമില്ല. അടിയന്താരവസ്ഥയ്‌ക്കെതിരെ അടിയന്തരാവസ്ഥക്കാലത്ത് ആരാണ് മിണ്ടിയത്? ഇന്ത്യയില്‍ മൊത്തം നോക്കിയാല്‍ ഒരു ഫണീശ്വര നാഥ് രേണുവും സത്യവ്രതസിന്‍ഹയും മാത്രമുണ്ടായി. രേണു പത്മശ്രീ തിരിച്ചു കൊടുത്തു. ജയിലില്‍പ്പോയി. മലയാളത്തില്‍ ഒരു എം. കൃഷ്ണന്‍കുട്ടി മാത്രമുണ്ടായി. പിന്നെ അയ്യപ്പപ്പണിക്കരുടേയും സച്ചിദാനന്ദന്റേയും അലിഗറികളും (അന്തരാര്‍ത്ഥങ്ങളിലൂടെയുള്ള രചന).

ഇന്ന് ട്രംപിനേപ്പോലെ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ഭരണാധികാരികളെ കൊമേഡിയന്മാരായി ചിത്രീകരിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നത് കൊള്ളാം  1930കളില്‍ സ്‌പെയിനിലെ ഏകാധിപതി ജനറല്‍ ഫ്രാങ്കോയേയും പിന്നീട് ഹിറ്റ്‌ലറേയുമെല്ലാം കൊമേഡിയന്മാരായാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. 

ഇന്ന് രോഹിത് വെമുലയുടെ ആത്മഹത്യയും ഓസ്‌കാര്‍ അവാര്‍ഡ്ദാനച്ചടങ്ങിലെ പ്രതിഷേധവുമൊക്കെ മാത്രമേ ഉണ്ടാകുന്നുള്ളു. ഇത്തരം ചെറിയ വലിയ പ്രതിഷേധങ്ങളാണ് ഇക്കാലത്തിന്റെ പ്രതീക്ഷ. ഇതുപക്ഷേ അവസാനത്തെ ചെറുത്തുനില്‍പ്പുകളാണോ എന്ന് തോന്നിപ്പോവുകയാണ്, ഇടറുന്ന ശബ്ദത്തില്‍ മാധവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍