കേരളം

ഡിഎംആര്‍സി ഇനി കേരളത്തിലേക്കില്ല; 15ന് ഓഫിസുകള്‍ പൂട്ടും; സംസ്ഥാന സര്‍ക്കാരിനെതിരെ ഇ ശ്രീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമര്‍ശനവുമായി ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍. സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ മനംമടുത്ത് സംസ്ഥാനത്തെ ലൈറ്റ് മെട്രൊ പദ്ധതികളില്‍നിന്ന് പിന്‍മാറുകയാണെന്ന് ശ്രീധരന്‍ പറഞ്ഞു. ഇക്കാര്യം അറിയിക്കുന്നതിന് മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടു മൂന്നു മാസമായിട്ടും ലഭിച്ചില്ലെന്ന് ശ്രീധരന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതികളിലൂടെ ഡിഎംആര്‍സിക്കു വന്‍ നഷ്ടമാണുണ്ടായത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇതിനായി ഡിഎംആര്‍സി ഓഫിസുകള്‍ തുറന്നത്. നാലു വര്‍ഷമായി ഈ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിമാസം പതിനാറു ലക്ഷം രൂപയാണ് ഇതിനു ചെലവ്. ഇത്തരത്തില്‍ അനിശ്ചിതമായി നഷ്ടം സഹിച്ചു മുന്നോട്ടുപോവാനാവില്ല. അതുകൊണ്ട് ഈ മാസം പതിനഞ്ചോടെ സംസ്ഥാനത്തെ ഓഫിസുകള്‍ പൂട്ടുകയാണ്. വിഷമത്തോടെയാണ് ലൈറ്റ് മെട്രൊ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സി പിന്‍മാറുന്നതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. 

പദ്ധതി അനിശ്ചിതമായി വൈകുകയാണെന്ന് ചൂണ്ടിക്കാട്ടി 2017 മെയില്‍തന്നെ സര്‍ക്കാരിനു കുറിപ്പു കൊടുത്തിരുന്നു. നോക്കാം എന്നു മറുപടി പറഞ്ഞതല്ലാതെ മുഖ്യമന്ത്രി നടപടിയൊന്നുമെടുത്തില്ല. പിന്നീടു പല വട്ടവും മുഖ്യമന്ത്രിയെയും മരാമത്ത് വകുപ്പു മന്ത്രിയെയും കണ്ടു സംസാരിച്ചെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല. ഉത്തരവിറക്കി 15 മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടില്ലെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

നഷ്ടം സഹിച്ചുമുന്നോട്ടുപോവാനാവില്ലെന്നും പദ്ധതിയില്‍നിന്നു പിന്‍വാങ്ങുകയാണെന്നും കാണിച്ച് ജനുവരി 24ന് നോട്ടീസ് നല്‍കി.  നോട്ടീസ് നല്‍കും മുമ്പ് മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കണമെന്നുണ്ടായിരുന്നു. അന്ന് അനുമതി ചോദിച്ച അപ്പോയ്‌മെന്റ് ഇനിയും കിട്ടിയിട്ടില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. 

രാജ്യത്തെ തന്നെ ആദ്യത്തെ ലൈറ്റ് മെട്രോ പദ്ധതിയാണ് കേരളത്തിലേത്. ഇതിനു തികച്ചും വ്യത്യസ്തമായ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. അതിനായി സാങ്കേതിക വിദഗ്ധരെ പരിശീലിപ്പിച്ചെടുക്കുകയാണ് ഡിഎംആര്‍സി ചെയ്തത്. നിലവില്‍ ഇന്ത്യയില്‍ ഡിഎംആര്‍സിക്കു മാത്രമേ ഇത്തരം സാങ്കേതിക പരിജ്ഞാനമുള്ളൂ.  ഇനി സര്‍ക്കാര്‍ ആവശ്യപ്പെട്ടാലും ഡിഎംആര്‍സി കേരളത്തിലെ പണി ഏറ്റെടുക്കുമെന്നു കരുതുന്നില്ല. താന്‍ ഇവിടെയുള്ളതുകൊണ്ടാണ് ഡിഎംആര്‍സി കേരളത്തിലെ പണികള്‍ ഏറ്റെടുത്തതെന്ന് ശ്രീധരന്‍ പറഞ്ഞു. 

നല്‍കാത്ത കരാറിനായി ഇ ശ്രീധരന്‍ വാശിപിടിക്കുകയാണെന്ന മന്ത്രി ജി സുധാകരന്റെ ആരോപണത്തിന് താന്‍ മറുപടി പറയുന്നില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഒരു മന്ത്രിക്കു മറുപടി പറയുന്നത് ശരിയല്ല. എന്നാല്‍ ഈ പദ്ധതി ഡിഎംആര്‍സി ചെയ്യണമെന്നു പറഞ്ഞ് ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ലൈറ്റ് മെട്രോ പദ്ധതി മറ്റാരെയങ്കിലും കൊണ്ടു ചെയ്യിക്കാന്‍ സര്‍ക്കാരിനു താത്പര്യമുണ്ടാവാമെന്ന് ചോദ്യത്തിനു മറുപടിയായി ശ്രീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ കാണിച്ചത് വിശ്വാസവഞ്ചനയാണോയെന്ന ചോദ്യത്തിന് താന്‍ ആ വാക്ക് ഉപയോഗിക്കില്ലെന്നായിരുന്നു ശ്രീധരന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു