കേരളം

ടി.പി മടങ്ങിവരുമെന്ന് അറിയാമായിരുന്നുവെങ്കില്‍ പിന്നെന്തിന് കൊന്നു; കോടിയേരി നാണമില്ലാതെ നുണ പറയുന്നെന്ന് കെ.കെ രമ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപിഐ നേതാവുമായ കെ.കെ രമ. ടി.പി മടങ്ങി വരുമെന്ന് അറിയാമായിരുന്നുവെങ്കില്‍ പിന്നെന്തിന് കൊന്നുവെന്ന് അവര്‍ ചോദിച്ചു. കോടിയേരി ബാലകൃഷ്ണ്‍ നാണമില്ലാതെ നുണ പറയുകയാണെന്നും രമ പറഞ്ഞു. 

അണികള്‍ കൊഴിഞ്ഞു പോകുന്നതിന്റെ വെപ്രാളമാണ് കോടിയേരി കാട്ടുന്നത്. ആര്‍എംപി ചന്ദ്രശേഖരന്റെ പാര്‍ട്ടിയാണ്, രമയുടേതല്ലെന്നും അവര്‍ പറഞ്ഞു. 

ടി.പി സിപിഎം തകരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുമ്പോള്‍ മടങ്ങി വരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. ആര്‍എംപി  കെ.കെ രമയുടെ മാത്രം പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ടി.പി ആര്‍എംപിയെ കോണ്‍ഗ്രസിനൊപ്പം ചേര്‍ക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തിരുന്നു. 

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തിതീര്‍ക്കാനാണ് കെ.കെ രമ ഡല്‍ഹിയില്‍ സമരം നടത്തിയത് എന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് കോടിയേരിയും ചന്ദ്രശേഖരനെ പറ്റി പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്.

സിപിഎം അതിക്രമങ്ങള്‍ക്കെതിരെ കെ.കെ രമ ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരാള്‍ സമരം ഇരുന്നു. ഇത് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ത്തെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.

ആര്‍എംപിഐയുടെ സ്‌പോണ്‍സര്‍ഷിപ്പ് പലര്‍ക്കുമുണ്ട്. കാര്യങ്ങള്‍ മനസിലാക്കി പലരും ആര്‍എംപിയില്‍ നിന്നും മാറുകയാണ്. ആര്‍എംപിഐയില്‍ നിന്ന് ചിലര്‍ കുടുംബത്തോടൊപ്പം സിപിഐഎമ്മിലേക്ക് വന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.

ഇപ്പോള്‍ എവിടേയും അക്രമം ഇല്ല. ഇതുവരെ 20 കേസുകളാണ് എടുത്തത്. ആര്‍എംപിഐ ഒഞ്ചിയം കമ്മിറ്റി ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 14 ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍