കേരളം

നടിയെ ആക്രമിച്ച കേസ് : വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ദിലീപ് അടക്കം കേസിലെ എല്ലാ പ്രതികളും ബുധനാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി.  അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. 

കേസിലെ നിയമാനുസൃതമായ രേഖകളൊന്നും ഇതുവരെ കിട്ടാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത് വൈകിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്റെ ആവശ്യത്തിൽ കോടതി സർക്കാരിന്റെ നിലപാട് തേടുകയും ചെയ്തു. 

രണ്ടു കുറ്റപത്രങ്ങളാണ് കേസില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കി ഉൾപ്പെടുത്തിയിട്ടുള്ളത്.  ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. പോലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും കുറ്റപത്രത്തിനൊപ്പം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന്  കാരണമെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. 

കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങള്‍ ബുധനാഴ്ച തുടങ്ങുമെങ്കിലും വിസ്താരം വൈകിയേക്കുമെന്നാണ് റിപ്പോർട്ട്.  ഇന്ന് കേസ് പരി​ഗണിക്കുന്ന കോടതി കക്ഷികളുടെ പ്രാരംഭ വാദത്തിനും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനും വേണ്ടി അടുത്ത ദിവസത്തേക്ക് മാറ്റും. അതിനു ശേഷമാകും വിസ്താരം തുടങ്ങുക. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത