കേരളം

വീരേന്ദ്രകുമാര്‍ ഇനി 'സ്വതന്ത്രന്‍' ; ജെഡിയു സംസ്ഥാന അധ്യക്ഷ പദവിയും പാര്‍ട്ടി അംഗത്വവും ഒഴിഞ്ഞില്ലെങ്കില്‍ അയോഗ്യനാകും

സമകാലിക മലയാളം ഡെസ്ക്


 
തിരുവനന്തപുരം : ഇടതുപക്ഷത്തിന്റെ 'സ്വതന്ത്ര' സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന എംപി വീരേന്ദ്രകുമാറിന് രാജ്യസഭാ കാലാവധി അവസാനിക്കുന്നതു വരെ ഇനി ഒരു പാര്‍ട്ടിയിലും ഒരു പദവിയും വഹിക്കാനാകില്ല. വീരേന്ദ്രകുമാര്‍ ജനതാദള്‍ യു സംസ്ഥാന അധ്യക്ഷ സ്ഥാനവും പാര്‍ട്ടി അംഗത്വവും ഒഴിഞ്ഞില്ലെങ്കില്‍ അയോഗ്യനാകേണ്ട ദുരവസ്ഥ നേരിടും. നാലു വര്‍ഷത്തോളമാണ് വീരേന്ദ്രകുമാറിന് രാജ്യസഭാംഗമായി കാലാവധിയുള്ളത്. 

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു ദേശീയനേതൃത്വം ബിജെപി സഖ്യത്തിന്റെ ഭാഗമായതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാര്‍ ഔദ്യോഗിക പക്ഷം വിട്ടത്. ശരദ് യാദവിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും, ദേശീയതലത്തില്‍ നിതീഷ്‌കുമാര്‍ അധ്യക്ഷനായ ജനതാദളി(യു)നാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകാരം നല്‍കിയത്. 

സമാജ് വാദി ജനതാദള്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശരദ് യാദവ് ചില നീക്കങ്ങള്‍ തുടങ്ങിയെങ്കിലും അതും പൂര്‍ത്തിയായില്ല. ഇതിനിടെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നതോടെയാണു വീരേന്ദ്രകുമാര്‍ പ്രതിസന്ധിയിലായത്. കേരളത്തില്‍ അതിനിടെ യുഡിഎഫില്‍ നിന്നും വിട്ട വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വീരേന്്ദരകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിക്കുകയായിരുന്നു. 

ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് നിലവില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമായി എംപിയോ എംഎല്‍എയോ ആകുന്നവര്‍ സ്വയം ആ പാര്‍ട്ടിയില്‍ നിന്നുമാറി മറ്റൊന്നിന്റെ ഭാഗമായാല്‍ അയോഗ്യത നേരിടേണ്ടിവരും. സ്വതന്ത്രനായി മത്സരിച്ചു ജയിക്കുന്നവര്‍ക്കും ഇതു ബാധകമാണ്. നിലവില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ള പാര്‍ട്ടിയുടെ ഭാഗമല്ലാത്തതിനാല്‍ വീരേന്ദ്രകുമാറിന് സ്വതന്ത്രനായി പത്രിക നല്‍കാനേ കഴിയൂ. സ്വതന്ത്രനായി രാജ്യസഭാംഗമായാല്‍ പിന്നീട് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാകും. 

ഈ മാസം 23 നാണ് തെരഞ്ഞെടുപ്പ്. മുന്‍ എംഎല്‍എ ബാബു പ്രസാദാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. നാളെയാണു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. എം.പി.വീരേന്ദ്രകുമാറിനും ഭാര്യയ്ക്കുമായി 49.15 കോടി രൂപയുടെ സ്വത്ത് ഉള്ളതായാണ് കാണിച്ചിട്ടുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി ബാബു പ്രസാദിനു 27.94 ലക്ഷം രൂപയുടെ സ്വത്തുണ്ട്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഇരുവരും വരണാധികാരിക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം രേഖപ്പെടുത്തിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍