കേരളം

വയല്‍ക്കിളികളുടെ സമരം നേരിടാന്‍ സിപിഎം; ശനിയാഴ്ച 'നാടിന് കാവല്‍' റാലി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരം നേരിടാന്‍ സിപിഎമ്മും പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നാടിന് കാവല്‍ എന്ന പേരിലാണ് കീഴാറ്റൂരില്‍ സമരം നടത്തുന്നത്. ശനിയാഴ്ച റാലി നടത്താനാണ് ആലോചന. തളിപ്പറമ്പ് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള മുഴുവന്‍ സിപിഎം പ്രവര്‍ത്തകരെയും കര്‍ഷക തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള വര്‍ഗബഹുജന സംഘടന പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ശക്തിപ്രകടനത്തിനാണ് സിപിഎം ആലോചിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സമരം. 

കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ ഈ മാസം 25 ന് ഞായറാഴ്ച രണ്ടാം ഘട്ട സമരം നടത്തുമെന്ന് വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പ്രതിരോധം എന്ന നിലയിലാണ് സിപിഎമ്മിന്റെ സമരം. വയല്‍ക്കിളികള്‍ക്ക് എതിരെയല്ല സമരമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സമരരംഗത്തുള്ള വയല്‍ക്കിളികള്‍ ന്യൂനപക്ഷമാണ്. സമരത്തിന് ബാഹ്യശക്തികളുടെ പിന്തുണയുണ്ട്. വയല്‍ നികത്താതെ ആകാശത്തുകൂടി റോഡ് പണിയാനാകുമോ എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ സമരത്തെ പരിഹസിച്ചു. 

വയല്‍ക്കിളികളുടെ സമരപ്പന്തലിന് പിന്നാലെ സിപിഎമ്മും സമരപ്പന്തല്‍ സ്ഥാപിക്കും. വയല്‍ കിളികളുടെ രണ്ടാംഘട്ട സമരപ്പന്തല്‍ വരുന്നതിന് അനുസരിച്ചായിരിക്കും ഈ നീക്കം. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന ജനകീയ കണ്‍വന്‍ഷനില്‍ ജില്ലയിലെ എംഎല്‍എമാരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. ബൈപ്പാസിനു വേണ്ടി ഭൂമി വിട്ടു നല്‍കിയവരെയും സിപിഎം ദേശീയപാതക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുപ്പിക്കും.

കീഴാറ്റൂരില്‍ ഉള്ളവര്‍ സമരംനടത്തുന്ന തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും പുറത്തുനിന്ന് ആളുകളെത്തി സംഘര്‍ഷത്തിന് ഇടയാക്കുന്നതാണ് എതിര്‍ക്കുന്നതെന്നുമാണ് സിപിഎം നിലപാട്. 25ന് വയല്‍ കിളികളുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണില്‍നിന്നു രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കീഴാറ്റൂരിലേക്ക് പ്രകടനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമരം ഉദ്ഘാടനത്തില്‍ വി.എം. സുധീരന്‍, സുരേഷ് ഗോപി എന്നിവരെ പങ്കെടുപ്പിക്കാനാണു തീരുമാനം. പാര്‍ട്ടി ഗ്രാമമായ ഇവിടെ സിപിഎമ്മിന്റെ സമരവും ആരംഭിക്കുന്നതോടെ കീഴാറ്റൂര്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീളുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം