കേരളം

കോൺ​ഗ്രസ് ബിജെപിയാകുന്ന കാലം; ബിജെപി അധികാരം പിടിച്ചത് ഇങ്ങനെയെന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കോണ്‍ഗ്രസ് ബിജെപിയാകുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയില്‍ പോയതിന്റെ ഭാ​ഗമായാണ്  ബിജെപി അധികാരം പിടിച്ചത്. ഇക്കാര്യം ജനങ്ങള്‍ ചിന്തിക്കണമെന്ന്   പിണറായി പറഞ്ഞു. സിഐടിയു ദേശീയ കൌണ്‍സിലിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.

മതനിരപേക്ഷത വെറുതെ പറഞ്ഞതുകൊണ്ട് കാര്യമായില്ല. പറച്ചില്‍ മാത്രമായാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വരും. മതനിരപേക്ഷതയുടെ ശരിയായ ഉരകല്ല് വര്‍ഗീയതയോടുളള സമീപനമാണ്. കോണ്‍ഗ്രസ് വര്‍ഗീയതയോട് എക്കാലത്തും വിട്ടുവീഴ്ചചെയ്തു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള ബദല്‍ കണ്‍മുന്നിലുണ്ട്. തൊഴിലാളി പ്രക്ഷോഭത്തിലൂടെ വളര്‍ന്നുവരുന്ന മഹാഐക്യംതന്നെ പ്രധാന ബദല്‍.  എല്ലാ ജനവിഭാഗങ്ങളും പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലാണ്.   തൊഴിലാളികള്‍ മാത്രമല്ല സാംസ്കാരിക ലോകവും ക്യാമ്പസുകളും പ്രതിഷേധത്തിലാണ്.  അവരുടെ പ്രക്ഷോഭങ്ങളും ബദലുകളാണ്. 

എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഫലപ്രദമായ ബദലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ബദലെന്ന് വെറുതെ പറയുകയല്ല, മുന്നോട്ടുവച്ച് പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ഇവിടെ ലാഭത്തിലാക്കാനാണ് ശ്രമിക്കുന്നത്. പ്രമുഖ പൊതുമേഖലാ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നിലപാട് സ്വരൂപിക്കാന്‍ മൂന്നിന് ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും താങ്ങായി നില്‍ക്കുന്ന സര്‍ക്കാരിനെ ശക്തിപ്പെടുത്തണം. പുര്‍ണമായും തൊഴിലാളിവിരുദ്ധമാണ്  കേന്ദ്രസര്‍ക്കാര്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി തട്ടിപ്പറിക്കുന്നു. ഇപ്പോള്‍  തൊഴില്‍  സ്ഥിരതയില്ലാതായി. കുത്തകകള്‍ക്ക് സര്‍ക്കാരിന്റെ ഇളവുകള്‍ ധാരാളമുണ്ട്. നികുതി ആനുകൂല്യങ്ങളും നല്‍കുന്നു. അവരുടെ ബാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുന്നു. ബാങ്കിങ് രംഗത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.  നിക്ഷേപങ്ങള്‍ തോന്നിയപോലെ ഉപയോഗിക്കാന്‍ പുതിയ പരിഷ്കാരം അനുമതി നല്‍കുന്നു. നിക്ഷേപം വകമാറ്റാനും ഓഹരിയാക്കാനും സാധിക്കും. 

  വഴിവിട്ടുപോകുന്ന സര്‍ക്കാരിനെ നിയന്ത്രിക്കാനും പിടിച്ചുകെട്ടാനും പ്രക്ഷോഭം ശക്തമാക്കണം. വലിയതോതിലുള്ള ജനകീയമുന്നേറ്റം ഇനിയും വളര്‍ന്നുവരണം. കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും സമരത്തിലാണ്. ഈ ഐക്യനിര കേന്ദ്രസര്‍ക്കാരിനെ ഭയപ്പെടുത്തുന്നു. ഈ ഐക്യം ഇല്ലാതാക്കാന്‍ വര്‍ഗീയവികാരം ആളിക്കത്തിക്കാനാണ് ശ്രമം. ബിജെപി അധികാരത്തിലുള്ളിടത്തെല്ലാം  വര്‍ഗീയസംഘര്‍ഷം നടക്കുന്നു. അതുവഴി ജനങ്ങളെ ഭിന്നിപ്പിക്കലാണ് ലക്ഷ്യം. മതനിരപേക്ഷത സംരക്ഷിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂ-പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ