കേരളം

നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചു ; ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം നടത്താമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം വേണം. ചാരക്കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ട്. നമ്പി നാരായണനെ കുടുക്കിയതാരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിന് വിശദമായ അന്വേഷണം വേണമെന്നും സിബിഐ കോടതിയില്‍ നിലപാട് അറിയിച്ചു. നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സിബിഐ നിലപാട് അറിയിച്ചത്. 

കേസില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കൂടാതെ, പീഡനത്തിന് വിധേയനായ നമ്പി നാരായണനെ പീഡിപ്പിച്ചതിന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ് അടക്കമുള്ളവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതും കോടതിയുടെ പരിഗണനയിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിരമിച്ച സാഹചര്യത്തില്‍ നഷ്ടപരിഹാരം ഈടാക്കുന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അവര്‍ വീട് വിറ്റിട്ടെങ്കിലും നഷ്ടപരിഹാരം നല്‍കട്ടെയെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.

എസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അടിസ്ഥാന രഹിതമായ കേസ് ചമച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് , ജോഷ്വ, വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. 

ക്രിമിനല്‍ കേസില്‍ നമ്പി നാരായണ്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്ന് ഇന്നലെ കേസിൽ വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചിരുന്നു. ​ഗാലറിയിലിരുന്ന നമ്പി നാരായണനെ, അടുത്ത് വിളിച്ചാണ് കോടതി നേരിട്ട് വിശദാംശങ്ങൾ ആരാഞ്ഞത്. അമേരിക്കയില്‍ നാസ ഫെലോ ആയി പ്രവര്‍ത്തിക്കവേ തനിക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് വേണ്ടെന്നു വച്ചാണ് ഇന്ത്യയില്‍ വന്നു പ്രവര്‍ത്തിച്ചത്. അമേരിക്കന്‍ പൗരത്വം വേണ്ടെന്നു വച്ചതിനാണ് തന്നെ പിന്നീട് ചാരക്കേസില്‍ കുടുക്കിയത് എന്നാണ് നമ്പി നാരായണന്‍ കോടതിയോട് പറഞ്ഞത്. 

കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചിരുന്നതായും ഇത് സംബന്ധിച്ച് തെളിവ് ലഭിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാരും  കോടതിയെ അറിയിച്ചു. വീണ്ടും അന്വേഷണത്തിന് ഉത്തരവിറക്കുമെന്നും നമ്പി നാരായണന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുമെന്നും കോടതി സൂചിപ്പിച്ചു. വ്യാജ കേസിന്റെ ഭാഗമായി അനുഭവിച്ച മാനസിക സംഘര്‍ഷത്തിനുള്ള നഷ്ടപരിഹാരത്തുക ഇരുപതോ ഇരുപത്തിയഞ്ചോ ലക്ഷമായി ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

തിരുവനന്തപുരം ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തി നൽകി എന്നതായിരുന്നു ആരോപണം.  കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് 1994 നവം 30 ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്തു. പിന്നീട് നടന്ന സി.ബി.ഐ. ആന്വേഷണത്തിൽ കുറ്റാരോപിതർക്കെതിരായി തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയായിരുന്നു. കുറ്റവിമുക്തനാക്കിയ നമ്പി നാരായണന് ഹൈക്കോടതി 10 ലക്ഷം രുപ നഷ്ടപരിഹാരവും നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത