കേരളം

പരാതി പുറത്തുവിട്ടിട്ടുണ്ടെങ്കില്‍ പൊലീസുകാര്‍ തന്നെയാണ് കൊന്നത്; മനോജ് എബ്രഹാമും ശ്രീജിത്തുമാണ് പ്രതികള്‍; അയ്യപ്പ ഭക്തന്റെ കൊലപാതകത്തില്‍ പ്രചാരണത്തില്‍ ഉറച്ച് ബിജെപി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലേക്ക് പോയ പന്തളം സ്വദേശി ശിവദാസന്റെ മരണത്തിന് പിന്നില്‍ പൊലീസ് തന്നെയാണെന്ന വാദത്തിലുറച്ച് ബിജെപി. പത്തനംതിട്ടയിലെ ഹര്‍ത്താലിനിടയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നിലപാട് വീണ്ടും വ്യക്തമാക്കിയത്. അച്ഛനെ കാണാനില്ലെന്ന ശിവദാസന്റെ മകന്റെ പരാതിയുടെ കോപ്പി പുറത്തുവിട്ടിട്ടുണ്ടെങ്കില്‍ പൊലീസുകാര്‍ തന്നെയാണ് കൊന്നതെന്നാണ് വ്യക്തമാകുന്നതെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

ശിവദാസന്‍ 16ന് നടന്ന പന്തളത്തെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. 17ാം തീയതി നിലയ്ക്കലില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. 144 നിലനിന്ന സമത്താണ് കൊലപാതകം നടന്നത്. സംശയമല്ല, ഐജിമാരായ മനോജ് എബ്രഹാമും ശ്രീജിത്തുമാണ് പ്രതികള്‍. കൊലപാതകത്തിന് പിണറായിയും കടകംപള്ളിയും ഉത്തരവാദികളാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 

ബിജെപി പ്രചരിപ്പിക്കുന്നത് നുണയാണ് എന്ന് വ്യക്തമാക്കുന്ന ശിവദാസന്റെ മകന്‍ ശരത്ത് പൊലീസില്‍ നല്‍കിയ് പരാതിയുടെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍ 18ന് രാവിലെയാണെന്ന് മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം വീട്ടിലേക്ക് ശിവദാസന്‍ വിളിച്ചിരുന്നതായും 25ന് പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 

നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയതികളിലാണ്. അതിനുശേഷമാണ് വീട്ടുകാരുടെ പരാതിപ്രകാരം ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതുതന്നെ. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.16,17 തിയതികളിലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ ഉണ്ടായത്. ശിവദാസന്‍ 18നാണ് വീട്ടില്‍നിന്ന് ശബരിമലയിലേക്ക് തിരിച്ചത്. 19ന് ദര്‍ശനം കഴിഞ്ഞ് ഇറങ്ങിയത് വീട്ടിലേക്ക് അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കാണാതായത്. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെക്കുമെന്നും എസ്.പി പറഞ്ഞു.

ശിവദാസന്റെ മരണം നിലയ്ക്കിലില്‍ പൊലീസ് നടപടി മൂലമാണെന്ന സംഘപരിവാര്‍ പ്രചാരണം തളളി പൊലീസിന്റെ പത്രക്കുറിപ്പും പുറത്തുവന്നിരുന്നു. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്നലെ പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്‌റ്റേഷനില്‍ മാന്‍ മിസിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണെന്നുമായിരുന്നു പത്രക്കുറിപ്പ്.

പത്തനംതിട്ട  നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍ പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും പൊലീസ് പത്രക്കുറിപ്പില്‍ പറയുന്നു.വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം