കേരളം

പറഞ്ഞത് ജനസേവനത്തിനുള്ള 'സുവര്‍ണാവസര'ത്തെപ്പറ്റി, പ്രസംഗം പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാന്‍; ക്ഷുഭിതനായി ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സമരത്തെക്കുറിച്ചു നടത്തിയ പ്രസംഗത്തില്‍ സുവര്‍ണാവസരം എന്നു പ്രയോഗിച്ചത് ജനസേവനത്തിനുള്ള സുവര്‍ണാവസരം എന്ന അര്‍ഥത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. നട അടച്ചിടുന്ന കാര്യത്തില്‍ തന്ത്രിക്കു നല്‍കിയത് നിയമോപദേശം മാത്രമെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമല ബിജെപിക്കു ലഭിച്ച സുവര്‍ണാവസരമെന്നു യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ശ്രീധരന്‍ പിള്ളയുടെ വിശദീകരണം.

ഇന്നലെ രാവിലെ പതിനൊന്നു മണിക്കു നടത്തിയ പ്രസംഗമാണിത്. ഇപ്പോഴെന്തോ വലിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. മാധ്യമ ശൈലക്കു തന്നെ നാണക്കേടാണിത്. ഫെയ്‌സ്ബുക്ക് ലൈവില്‍ അടക്കം വന്ന പ്രസംഗമാണിതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഇപ്പോഴെന്തോ വലിയ കാര്യമെന്ന മട്ടില്‍ അവതരിപ്പിക്കുന്നതില്‍ സഹതാപം മാത്രമേയുള്ളൂ. ശബരിമലയില്‍ നടക്കുന്നതില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് പ്രസംഗം വിവാദമാക്കുന്നതെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു.

പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാന്‍ നടത്തിയ പ്രസംഗമാണിത്. അതില്‍ അപാകതയൊന്നുമല്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ക്ഷുഭിതനായി ആയിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പല ചോദ്യങ്ങള്‍ക്കും ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ തന്നെയാണ് ഇക്കാര്യം തന്നോടു പറഞ്ഞത്. പന്ത്രണ്ടു പേരാണ് ഈ ഫ്രാക്ഷനില്‍ ഉള്ളതെന്ന് ബിജെപി അധ്യക്ഷന്‍ ആരോപിച്ചു. 

ഡല്‍ഹിയില്‍ സിപിഎം ഓഫിസില്‍ കയറി രണ്ടു തീവ്രവാദികള്‍ അഖിലേന്ത്യാ സെക്രട്ടറിയെ ആക്രമിച്ചു. സംഘപരിവാറുമായി ഒരു ബന്ധവുമില്ലാത്തവരാണ് അതു ചെയ്തത്. ഇന്ത്യയിലെ എല്ലാ പത്രങ്ങളിലും ആ വാര്‍ത്ത അങ്ങനെ തന്നെയാണ് വന്നത്. എന്നാല്‍ ചില പ്ത്രങ്ങളില്‍ ആര്‍എസ്എസുകാരാണ് അക്രമം നടത്തിയത് എന്നു വാര്‍ത്ത വന്നു. അതിന്റെ ഫലമായുണ്ടായ സംഭവങ്ങളില്‍ 399 ക്രൈമാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ ഈ ഫ്രാക്ഷന്‍ വേണ്ടെന്നു വയ്ക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. 

സിപിഎം തന്നെ പലപ്പോഴും കേസുകളില്‍ അഭിഭാഷകനായി തന്നെ നിയമിച്ചിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മുകാര്‍ തനിക്കു വക്കാലത്തുമായി വന്നിട്ടുണ്ട്. കെഎം മാണിയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ നിയമസഭയില്‍ അക്രമമുണ്ടായപ്പോള്‍ സിപിഎം നേതാക്കള്‍ക്ക് നിയമോപദേശം നല്‍കിയത് താനാണ്. അഭിഭാഷകന്‍ എന്ന നിലയിലാണ് ഇതെല്ലാം ചെയ്തത്. അതുകൊണ്ട് തന്ത്രിക്കു നിയമോപദേശം നല്‍കിയതില്‍ തെറ്റൊന്നുമില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ