കേരളം

കാല്‍നട തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നുളള പ്രവേശനം 10 മണിമുതല്‍, വാഹനങ്ങള്‍ ഉച്ചയ്ക്ക് 12 മുതല്‍ കടത്തിവിടും; കനത്ത സുരക്ഷ, 15,259 പൊലീസുകാര്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:മണ്ഡല, മകരവിളക്ക് പൂജയ്ക്കായി ശബരിമല നട തുറക്കുന്ന വെളളിയാഴ്ച രാവിലെ പത്തുമണിയ്ക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കും. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ നിന്നുമാണ് ഭക്തരെ കടത്തിവിടുക. വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പ്രവേശനം സാധ്യമാകുക. അതേസമയം സര്‍വകക്ഷിയോഗം പരാജയപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നത്. 

ശബരിമലയും പരിസരവും ആറായി തിരിച്ച് നാലുഘട്ടങ്ങളായാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. 15,259  പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളളവരുടെ മേല്‍നോട്ടത്തില്‍ പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.  ഈ മാസം 30 വരെയുളള ഒന്നാംഘട്ടത്തില്‍ 3450 പൊലീസുകാരെയാണ് നിയോഗിക്കുന്നത്. ഇവരില്‍ 230 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാംഘട്ടത്തില്‍ 3400 പേരെ നിയോഗിക്കാനുമാണ് തീരുമാനം. എഡിജിപി അനില്‍കാന്തിനും ഐജി മനോജ് എബ്രഹാമിനുമായിരിക്കും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്മാര്‍ വരുന്ന കാട്ടുവഴികളിലും നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇതുവരെയുളള വിവരമനുസരിച്ച് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എണ്ണൂറോളം യുവതികളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്. യുവതി പ്രവേശനത്തിന് എതിരായ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഇവരില്‍ എത്രപേര്‍ ദര്‍ശനത്തിന് എത്തുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. ദര്‍ശനത്തിന് വരുന്ന യുവതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയമായിരുന്നു. സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന ഉറച്ചനിലപാടാണ് സര്‍ക്കാര്‍ യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍ ജനുവരി 22 വരെ യുവതി പ്രവേശനത്തിന് സാവകാശം നല്‍കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനെതുടര്‍ന്ന് പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. യുവതിപ്രവേശനത്തിനെതിരായ പ്രതിഷേധം തുടരുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ശബരിമല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു