കേരളം

പൊലീസിനെ ഭയപ്പെടുത്തലാണോ കേന്ദ്രമന്ത്രിയുടെ പണി, ബഡായി പറഞ്ഞ കേന്ദ്രമന്ത്രി ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രധാനമന്ത്രിയോട് പറയണം; പൊൻ രാധാകൃഷ്ണനെതിരെ കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലേക്ക് സ്വകാര്യ വാഹനത്തില്‍ പോകരുതെന്ന് ആവശ്യപ്പെട്ട എസ്.പി യതീഷ് ചന്ദ്രയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിനെ ഭയപ്പെടുത്തലാണോ കേന്ദ്രമന്ത്രിയുടെ പണി. ബഡായി പറഞ്ഞ കേന്ദ്രമന്ത്രി ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രധാനമന്ത്രിയോട് പറയണമെന്നും കോടിയേരി പറഞ്ഞു. 

നാമജപം നടത്തി ബസിന് കല്ലെറിഞ്ഞാൽ കേസെടുക്കേണ്ടി വരുമെന്നും കോടതിവിധി നടപ്പാക്കേണ്ടെന്ന് പ്രധാനമന്ത്രി മോദി പറയട്ടേയെന്നും കോടിയേരി പറഞ്ഞു. മോദിയും അമിത് ഷായും ശബരിമലയിൽ വരണം. അമിത് ഷാ അഞ്ച് വട്ടം മലകയറിയാൽ തടി കുറയുമെന്നും കോടിയേരി പറഞ്ഞു. 

ശബരിമല ദര്‍ശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ്പി യതീഷ് ചന്ദ്രയുമായി നിലയ്ക്കലില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തത് മന്ത്രി ചോദ്യം ചെയ്തു. പമ്പയില്‍ പാര്‍ക്കിങ് സൗകര്യമില്ലെന്ന് എസ്പി മറുപടി നല്‍കി. സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോ, പിന്നെ എന്തുകൊണ്ടാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതെന്ന് മന്ത്രി ചോദിച്ചു. തന്റെ വാഹനവും കടത്തിവിടില്ലേയെന്നും മന്ത്രി ആരാഞ്ഞു. വിഐപി വാഹനങ്ങള്‍ക്കു പോവാന്‍ അനുവാദമുണ്ടെന്ന് എസ്പി അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വന്‍ ഗതാഗതക്കുരുക്കുണ്ടാവുമെന്ന് എസ്പി പറഞ്ഞു.

തുടര്‍ന്നും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍  മന്ത്രി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നായി എസ്പി. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും എസ്പി വിശദീകരിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്നാണ് മന്ത്രി പറയുന്നതെങ്കില്‍ ഇക്കാര്യം ഉത്തരവായി എഴുതി നല്‍കണമെന്ന് എസ്പി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്നും തനിക്ക് അതിനുള്ള അധികാരമില്ലെന്നു പറഞ്ഞ് മന്ത്രി പിന്തിരിഞ്ഞു. ഇതിനിടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ എസ്പിക്കു നേരെ തട്ടിക്കയറിയെങ്കിലും പൊലീസ് പ്രതികരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി