കേരളം

വിവാഹം കഴിക്കാന്‍ വീടുവിട്ടു, കാമുകന്റെ വീട്ടുകാരുമായി തര്‍ക്കമായി; വിവാഹം ഉറപ്പിച്ചു, ക്ഷേത്രസന്നിധിയില്‍ കൈയാങ്കളി; പൊലീസിന് തലവേദനയായി ഫേയ്‌സ്ബുക് പ്രണയം

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: വിവാഹം കഴിക്കാനായി വീടുവിട്ടു വന്ന കാമുകിയെ കാമുകന്റെ വീട്ടുകാര്‍ വീട്ടില്‍ കയറ്റിയില്ല. അവസാനം പൊലീസ് ഇടപെട്ട് കല്യാണം നടത്തിയെങ്കിലും അതും ചെന്നു നിന്നത് തര്‍ക്കത്തില്‍. കോട്ടയത്താണ് രണ്ട് ദിവസം നീണ്ട കല്യാണ തര്‍ക്കം അരങ്ങേറിയത്. കോട്ടയം അയ്മനം സ്വദേശിയായ യുവാവും കൊട്ടാരക്കര സ്വദേശിയായ യുവതിയും തമ്മിലുള്ള പ്രണയ വിവാഹമാണ് പൊലീസിന് തലവേദനയായത്. 

ഫേയ്‌സ്ബുക്കിലൂടെ പരിചയത്തിലായ ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന യുവാവ് വിവാഹം കഴിക്കുന്നതിനായി അടുത്തിടെയാണ് നാട്ടില്‍ എത്തിയത്. കഴിഞ്ഞ ദിവസം നേരില്‍ കാണാന്‍ യുവതി കാമുകനെ കൊട്ടാരക്കരയിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം യുവതി കോട്ടയത്തേക്കുപോന്നു. എന്നാല്‍ വീട്ടില്‍ കയറ്റാന്‍ കാമുകന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഇത് തര്‍ക്കത്തിന് കാരണമായി. അവസാനം കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി കമിതാക്കളെ സ്‌റ്റേഷനിലെത്തിച്ചു. വിവാഹത്തില്‍നിന്ന് പിന്‍മാറില്ലെന്ന് യുവതി ഉറച്ചുനിന്നതോടെ കാമുകന്‍ വഴങ്ങി. തുടര്‍ന്ന് യുവതിയെ പോലീസ് വനിതാസെല്ലിലേക്കുമാറ്റി.

ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച വരനും വധുവും കോട്ടയം നഗരത്തിലെ ക്ഷേത്രത്തില്‍ എത്തി. എന്നാല്‍ വിവാഹ ശേഷം വരനെ തന്റെ വീട്ടിലേക്ക് കൊണ്ടു പോകണം എന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വരന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല. കൊണ്ടുപോകും എന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായി. അവസാനം കൈയാങ്കളി വരെ എത്തി കാര്യങ്ങള്‍. ഈസമയം, ക്ഷേത്രനട അടച്ചതോടെ വിവാഹം മുടങ്ങി. ഇതോടെ കമിതാക്കളെ പോലീസ് വീണ്ടും സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

പിന്നാലെമകളെ കാണാനില്ലെന്ന് യുവതിയുടെ അച്ഛന്‍ കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. ഇതോടെ യുവതിയെ കാണാതായതിന് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ കമിതാക്കളെ ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചു. ഇരുവരും കാമുകിയുടെ വീട്ടുകാര്‍ക്കൊപ്പം കൊട്ടാരക്കരയിലെ വീട്ടിലേക്കു പോവുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു