കേരളം

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്; കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി, തീരുമാനം ഉടന്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്. ജനുവരി 14 വരെ നിരോധനാജ്ഞ തുടരണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഇന്ന് വൈകീട്ട ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നിരോധനാജ്ഞ പിന്‍വലിക്കാമെന്ന് നേരത്തെ റാന്നി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

നിലവില്‍ സന്നിധാനം, നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശരണം വിളിക്കാനും കൂട്ടമായി പോകാനും അനുവദിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം രാത്രി യാത്രാവിലക്ക് നീക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തിലേക്കും യാത്ര ചെയ്യാമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.  

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് കലക്ടര്‍ പിന്‍വലിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. റാന്നി തഹസില്‍ദാര്‍ നിരോധനാജ്ഞ നീട്ടേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുമുറ്റത്തെ ബാരിക്കേഡ് മാറ്റാമെന്നും നിയന്ത്രണങ്ങളില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ സാങ്കേതികം മാത്രമെന്ന് ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഭക്തരെ തടയുന്ന  നിരോധനാജ്ഞ ശബരിമലയില്‍ ഇല്ല. അത്തരമൊരു സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പൊലീസ് രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി