കേരളം

രൂപപ്പെടുന്നത് 'ഓഖി'യുടേതിന് സമാനമായ ന്യൂനമര്‍ദ്ദം ? , ആശങ്ക

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം :  ശ്രീലങ്ക, ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ രൂപംകൊള്ളുന്ന കാലാവസ്ഥ വ്യതിയാനം കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച 'ഓഖി' ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമര്‍ദ്ദത്തിന് സമാനമാണെന്ന് അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സിയുടെ മുന്നറിയിപ്പ്. എന്നാല്‍, അസാധാരണമായ സ്ഥിതിവിശേഷം ചുഴലിക്കാറ്റിന് കാരണമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഏജന്‍സികള്‍ അറിയിച്ചു. ഒക്‌ടോബര്‍ നാലിനും ഒന്‍പതിനുമിടയില്‍ ശക്തമാകുന്ന ന്യൂനമര്‍ദ്ദം എട്ടിനും 12നുമിടയില്‍ ഒമാന്‍ യെമന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. 

കേരളത്തില്‍ തുലാവര്‍ഷം 15ന് ശേഷം മാത്രമേ എത്തുകയുള്ളൂവെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതേസമയം അറബിക്കടലിലെ അസാധാരണ സ്ഥിതിവിശേഷം മൂലം കേരളത്തില്‍ മഴ വ്യാപകമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദപ്പാത്തി തമിഴ്‌നാട്, കേരള തീരങ്ങളില്‍ കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകുന്നതിനും കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. മത്സ്യതൊഴിലാളികള്‍ ഈ മാസം ആറ് മുതല്‍ മത്സ്യബന്ധനത്തിന് ഇറങ്ങുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തി. 

മാലിദ്വീപിനും ശ്രീലങ്കയ്ക്കും ഇടയില്‍ രണ്ട് അന്തരീക്ഷ ചുഴികളാണ് പിറവിയെടുത്തിട്ടുള്ളത്. ഇതുമൂലം കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് കാരണമാകും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നാണ് കണക്കുകൂട്ടല്‍.

അറബിക്കടലിന് തെക്ക് കിഴക്കായി പിറവിയെടുക്കുന്ന ചുഴലിക്കാറ്റ് ഒമാനിലാകും കരയിലേക്ക് പതിക്കുകയെന്ന് അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സി വ്യക്തമാക്കുന്നു. നിലവിലുള്ള സാഹചര്യം മൂലം തുലാവര്‍ഷം കൂടുതല്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ട്. മിക്ക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍