കേരളം

ഒമനിലേക്ക് കടത്താൻ എത്തിച്ച എട്ട് കോടിയുടെ ഹാഷിഷുമായി ഒലവക്കോട് യുവതി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എട്ടു കോടി രൂപ വില മതിക്കുന്ന രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ. കന്യാകുമാരി സ്വദേശിനിയായ യുവതിയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായ‌ത്. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശി സിന്ധുജ (21)യാണ് എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോയും സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ പിടിയിലായത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്നു ഇവ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കഴാഴ്ച രാവിലെ ഒമ്പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സിന്ധുജ പിടിയിലായത്. തോള്‍ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവയെന്നും തൃശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിന് വേണ്ടി കടത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഇവ കടത്തുന്നതിന് സിന്ധുജയ്ക്ക് ഒരു ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കാറുള്ളത്. ഇത് 17ാം തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി രാജീവ് വ്യക്തമാക്കി. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയത്. ഏകദേശം 70 കിലോയോളം കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളത്ത് നടക്കുന്ന ഡി.ജെ പാര്‍ട്ടികളിലും ഹാഷിഷ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എക്‌സൈസ് അധികൃതര്‍ വെളിപ്പെടുത്തി. 

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം രാകേഷ്, വി രജനീഷ്, ടി രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ സജിത്ത്, യൂനസ്, വിപിന്‍ദാസ്, മനോജ്, മന്‍സൂര്‍ അലി, സന്തോഷ് കുമാര്‍, രാജേഷ് കുമാര്‍, സജീവ്, ജയചന്ദ്രൻ, പ്രസാദ്, മറ്റുദ്യോഗസ്ഥരായ സ്മിത, അംബിക, അജിത്ത്കുമാര്‍, പ്രസാദ്, പ്രീജു, രതീഷ്, അരുണ്‍കുമാര്‍, വിനു, ശ്രീകുമാര്‍, ശെല്‍വകുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍