കേരളം

ഭയപ്പെട്ട് പിന്‍മാറുന്നവരല്ല എന്‍എസ്എസെന്നു പിണറായി മനസിലാക്കിയാല്‍ നന്ന്; സുപ്രീം കോടതി വിധി ഗ്രഹപ്പിഴയെന്ന് സുകുമാരന്‍ നായര്‍

സമകാലിക മലയാളം ഡെസ്ക്

ചങ്ങനാശേരി: സമാധാനപരമായി നാമജപയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസെടുത്തും അറസ്റ്റ് ചെയ്തും മനോവീര്യം തകര്‍ക്കാമെന്നു പിണറായി സര്‍ക്കാര്‍ കരുതേണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇതു കൊണ്ടൊന്നും ഭയപ്പെട്ടു പിന്മാറുന്നവരല്ല എന്‍എസ്എസെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കിയാല്‍ നന്ന്. നടപടികളെ നിയമപരമായി നേരിടും. വിശ്വാസം സംരക്ഷിക്കാന്‍ നിയമപരമായും സമാധാനപരമായും ഏതറ്റം വരെ പോകാനും തയാറാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഞങ്ങള്‍ നടത്തുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. വിശ്വാസം സംരക്ഷിക്കുക എന്നത് മാത്രമാണ്.  വരവുചെലവു കണക്കും ബാക്കിപത്രവും തയാറാക്കാനുള്ള എന്‍എസ്എസ് പ്രതിനിധി സഭാ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കപടമതേതരത്വം മനസില്‍ വച്ചു നിരീശ്വരവാദം പരത്താന്‍ വേണ്ടിയാണു സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തി പുനഃപരിശോധനാ ഹര്‍ജി തടഞ്ഞത്. അടുത്ത 13നു കേസ് കേള്‍ക്കാനിരിക്കെ എങ്ങനെയെങ്കിലും നിരീശ്വരവാദികളെ അവിടെ കയറ്റാനാണു ശ്രമമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തതു മന്നത്തു പത്മനാഭനാണ്. അതുകൊണ്ടു ദേവസ്വം ബോര്‍ഡിനോട് എന്‍എസ്എസിനു ബാധ്യതയുണ്ട്. 12 വര്‍ഷമായി കേസ് നടത്തുന്നു. ഗ്രഹപ്പിഴയ്ക്ക് ഒരു വിധി വന്നു. ഭരണഘടനയിലെ വ്യക്തമായ ഒരു ഭാഗം മാറ്റിവച്ചു വേറൊരു ഭാഗം ഉദ്ധരിച്ചാണ് എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിയത്. ഇതു ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയാറായില്ല. കോടതിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. കോടതി വിധി വിശ്വാസത്തെ തകര്‍ക്കുന്നതാണെന്നു ബോധിപ്പിക്കേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനാണ്. പുനഃപരിശോധനാഹര്‍ജി നല്‍കേണ്ട ദേവസ്വം ബോര്‍ഡ് മലക്കം മറിഞ്ഞു.സര്‍ക്കാര്‍ നിരീശ്വരവാദം വളര്‍ത്താന്‍ ഈ വിധി വച്ചു കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

നാമജപഘോഷയാത്രയുടെ പേരില്‍ പൊലീസ് വീടുകളില്‍കയറി വീട്ടമ്മമാരെയടക്കം ഭീഷണിപ്പെടുത്തുകയാണ്. അടിയന്തരാവസ്ഥയ്ക്കു സമാനമാണിത്. കേരളത്തിലെ 5700ല്‍ ഏറെ കരയോഗങ്ങളിലും 31നു പതാക ഉയര്‍ത്തിയശേഷം ക്ഷേത്ര വഴിപാടും കരയോഗമന്ദിരത്തില്‍ ഒരു മണിക്കൂര്‍ വിശ്വാസസംരക്ഷണ നാമജപവും നടത്തും. 13 വരെ തുടരുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍