കേരളം

സ്‌കൂള്‍ കലോത്സവം: ഗ്രേസ് മാര്‍ക്കിനായി മത്സരങ്ങള്‍ നടത്തും, ആര്‍ഭാടം ഒഴിവാക്കുമെന്ന് ഇപി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം സ്‌കൂള്‍ കലോത്സവം നടത്തേണ്ടെന്നു തീരുമാനിച്ചെങ്കിലും കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്കിനു വേണ്ടി മത്സരങ്ങള്‍ നടത്തുമെന്ന് മന്ത്രി ഇപി ജയരാജന്‍. ആര്‍ഭാടം ഒഴിവാക്കി മത്സരങ്ങള്‍ നടത്താനാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് ഇപി ജയരാജന്‍ അറിയിച്ചു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്കു റദ്ദാക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. സ്‌കൂള്‍ കലോത്സവവും രാജ്യാന്തര ചലച്ചിത്രോത്സവവും ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ ഒന്നാകെ റദ്ദാക്കാനുള്ള തീരുമാനം വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുഭരണ വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിനെതിരെ മന്ത്രിമാരില്‍ ചിലര്‍ തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. ആര്‍ഭാടനം ഒഴിവാക്കി മേളകള്‍ നടത്തുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് അവര്‍ മുന്നോട്ടുവച്ചത്.

സ്‌കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനമാണ് കൂടുതല്‍ വിവാദമായത്. സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്കു ലഭിക്കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിലൂടെ കുട്ടികള്‍ക്ക് മാര്‍ക്ക് ലഭിക്കുന്നതിനുള്ള അവസരമാണ് നഷ്ടമാവുന്നത് എന്നായിരുന്നു വിമര്‍ശനം.

 പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കുള്ള അടിയന്തര ദുരിതാശ്വാസമായ പതിനായിരം രൂപയുടെ വിതരണം നാളെ പൂര്‍ത്തിയാക്കുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ദുരിതാശ്വാസ കിറ്റുകളുടെ വിതരണം പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.

പ്രളയക്കെടുതിയിലായ രണ്ടായിരത്തിലേറെപ്പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 2267 പേരാണ് വീട്ടിലേക്കു മടങ്ങാനാവാതെ ക്യാമ്പുകളില്‍ കഴിയുന്നത്.

പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി ഭീഷണി ഉണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഇപി ജയരാജന്‍ അറിയിച്ചു. ആവശ്യത്തിനുള്ള മരുന്ന് എല്ലായിടത്തും എത്തിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു