കേരളം

ഭരണരംഗത്ത് അരാജകത്വം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു; മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രിസഭായോഗം വിളിക്കണം: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ പോലും കഴിയാത്തവിധത്തില്‍ ഭരണസ്തംഭനമാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. ഭരണരംഗത്ത് അരാജകത്വം തുടരുകയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞതായും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിദേശയയാത്രയ്ക്ക് പിന്നാലെ നയപരമായ ഒരു തീരുമാനവും എടുക്കാനായിട്ടില്ല. ഇലക്ടോണിക്ക് സംവിധാനത്തിലൂടെ ഫയല്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. എങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രിസഭാ യോഗം വിളിക്കുകയാണ് വേണ്ടത്. പ്രളയകാരണം സംബന്ധിച്ച് ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ചികിത്സയ്ക്കു പോയതുകൊണ്ട് കേരളത്തില്‍ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി അതിന്റെ പ്രവര്‍ത്തനം നല്ല നിലയില്‍ നിര്‍വഹിച്ചുവരുന്നു. കഴിഞ്ഞ ആഴ്ച ഉപസമിതി യോഗം ചേരുകയുണ്ടായി. സപ്തംബര്‍ 12 ബുധനാഴ്ചയും സമിതി ചേരുന്നുണ്ട്. ദുരിതാശ്വാസപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റി നല്ല രീതിയില്‍ അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ടെന്ന് ഓഫീസ് അറിയിച്ചു

വിദേശത്തുപോയ ശേഷം ആഗസ്റ്റ് മൂന്നു മുതല്‍ ഒമ്പതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചു. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഫയല്‍ കൈകാര്യം ചെയ്യുന്നതിനുളള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്. അത് സുഗമമായി നടക്കുകയും ചെയ്യുന്നു.പ്രളയക്കെടുതിയില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മ്മാണം യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിച്ചുകഴിഞ്ഞു. പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ അദാലത്ത് സംഘടിപ്പിച്ച് നല്‍കിവരുന്നു. വീട്ടുസാധനങ്ങള്‍ നശിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പലിശരഹിത വായ്പ ലഭ്യമാക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

കൂട്ടുത്തരവാദിത്വത്തിലാണ് മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. മുഖ്യന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാര്‍ കൂട്ടായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നു. വിവിധ ജില്ലകളില്‍ വിഭവസമാഹരണത്തിന്റെ ചുമതലയിലാണ് ഇപ്പോള്‍ മന്ത്രിമാര്‍ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍