കേരളം

കാതടപ്പിക്കുന്ന ശബ്ദം, ലേസര്‍ വെളിച്ചം; പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നു: ഫ്രീക്കന്‍ ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ റെഡ് സിഗ്നല്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിനോദയാത്രകള്‍ക്ക് ഉപയോഗിക്കുന്ന ആഡംബര ബസുകളിലെ കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ക്കും ലേസര്‍ വെളിച്ചത്തിനും മോട്ടോര്‍ വാഹന വകുപ്പിന്റെ റെഡ് സിഗ്‌നല്‍. ഇത്തരം വാഹനങ്ങള്‍ക്കെതിരെ വ്യാപക പരിശോധനയാണ് ആഴ്ചകളായി മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ നടത്തിയത്. നിയമലംഘനം നടത്തിയ വാഹനങ്ങള്‍ അനധികൃതമായി ഘടിപ്പിച്ച എല്ലാ ഉപകരണങ്ങളും ഒഴിവാക്കി 30നകം ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

നിയമലംഘനം കണ്ടെത്തിയ വാഹനങ്ങള്‍ക്കൊപ്പം ജില്ലയിലെ എല്ലാ ടൂറിസ്റ്റ് ബസുകളും 30നകം ഹാജരാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. അനധികൃതമായി ഉപകരണങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ 30ന് ശേഷം നിരത്തിലോടിക്കാന്‍ അനുവദിക്കില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ച് പരിശോധനയ്‌ക്കെത്താതിരിക്കുന്ന ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനാണ് നീക്കം.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ടൂറിസ്റ്റ് ബസുകളുടെയും വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് എത്താത്തവരെ ഇവരില്‍ നിന്ന് വേഗത്തില്‍ കണ്ടെത്തും. അടുത്ത മാസം ആദ്യം മുതല്‍ ഇവര്‍ക്കെതിരെ നടപടി ശക്തമാക്കും. ഇത്തരം ബസുകള്‍ വിനോദയാത്രയ്ക്ക് തിരഞ്ഞെടുക്കരുതെന്ന നിര്‍ദ്ദേശം സ്‌കൂള്‍ അധികൃര്‍ക്കും നല്‍കും. ഇത്തരം ബസുകളില്‍ യാത്ര ചെയ്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനകളും നടപടികളും കര്‍ശനമാക്കിയത്. ഫ്രീക്കന്‍ സ്വഭാവമുള്ള യുവാക്കളെ ആകര്‍ഷിക്കാനായാണ് ബസുടമകളില്‍ പലരും അനധികൃത ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ നിര്‍ബന്ധിതരായത്.


അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലെറ്റുകളാണ് പല ആഡംബര ബസുകളിലും ഉപയോഗിക്കുന്നത്. അരകിലോമീറ്റര്‍ അകലെ നിന്നാലും ബസിനുള്ളിലെ സ്പീക്കറുകളുടെ മുഴക്കം കേള്‍ക്കാനാകും. റോഡിലെ മറ്റ് യാത്രക്കാരുടെ നെഞ്ചിടിപ്പിക്കുന്ന തരത്തിലാണ് മുഴക്കം. ബസിന്റെ അടിത്തട്ടിന്റെ ഭാഗങ്ങള്‍ ഇളക്കി മാറ്റി ഗ്ലാസ് ഘടിപ്പിച്ച് അതിനുള്ളില്‍ കൂടി മുകളിലേക്ക് എല്‍.ഇ.ഡി വെളിച്ചം കടത്തി വിടും. ബസിനകത്ത് മാത്രമല്ല പുറത്തും എല്‍.ഇ.ഡി ബള്‍ബുകളുടെ വെളിച്ചമാണ്. ഗുരുതരമായ അപകടങ്ങളാണ് ഇത്തരം വാഹനങ്ങള്‍ നിരത്തിലുണ്ടാക്കുന്നത്.

ബസിനുള്ളില്‍ നിലവിളിച്ചാല്‍ പോലും പുറത്ത് കേള്‍ക്കില്ല. വര്‍ണ്ണവെളിച്ചങ്ങളും ഉഗ്ര ശബ്ദവും മാത്രമാണ് പുറത്ത് നില്‍ക്കുന്നവര്‍ക്ക് അറിയാനാകുന്നത്. ഇത്തരം ബസുകളിലെ വിനോദ യാത്രകള്‍ക്കിടെ പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിശോധനകള്‍ കര്‍ശമാക്കിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഈ വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം വേണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. ലഹരിയുടെ ഉപയോഗവും ഇത്തരം യാത്രകളില്‍ വന്‍ തോതില്‍ കൂടുതലാണ്. നിയമലംഘനം നടത്തുന്ന ബസുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. 30നകം പരിശോധനയ്ക്ക് എത്തിക്കാത്ത ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി