കേരളം

കണ്ണൂരും കാസര്‍കോടും ആറ്റിങ്ങലും സംശയ നിഴലില്‍ ; എട്ടുമണ്ഡലങ്ങളില്‍ ബിജെപി വോട്ടുമറിച്ചു ? ; സിപിഎമ്മിന് ആശങ്ക

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളില്‍ ബിജെപി വോട്ടു മറിച്ചെന്ന് ഇടതുപക്ഷത്തിന് ആശങ്ക. കണ്ണൂര്‍, കാസര്‍കോട്, തുടങ്ങിയ മണ്ഡലങ്ങളില്‍ കാര്യമായി വോട്ടുമറിഞ്ഞെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര, ആലത്തൂര്‍, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍ സീറ്റുകളില്‍ വോട്ടു കച്ചവടം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വടകരയും കോഴിക്കോടും ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു.  

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജില്ലയില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വരുന്നത് തന്നെ ബിജെപിയുമായുള്ള ധാരണയുടെ പുറത്താണ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ പ്രചാരണത്തിന്റെ ചുമതലയില്‍ ജില്ലയിലെ തലയെടുപ്പുള്ള കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നില്ല. സംഘപരിവാര്‍ സംഘടനകളോട് അടുപ്പമുള്ള പി എം നിയാസിനായിരുന്നു രാഘവന്റെ പ്രചാരണ ചുമതല. ഇത് വോട്ടുകച്ചവടത്തിനുള്ള ധാരണ വെളിപ്പെടുത്തുന്നുവെന്നും പി മോഹനന്‍ പറഞ്ഞു. 

മതനിരപേക്ഷ മനസ്സുള്ളവരാണ് കോഴിക്കോട് ജനത. അതിനാല്‍ അവര്‍ മതനിരപേക്ഷതയ്ക്കായി അടരാടുന്ന ഇടതുപക്ഷത്തിന് വോട്ടുചെയ്തു. വോട്ടു കച്ചവടം നടത്തിയാലും വടകരയിലും കോഴിക്കോടും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും മോഹനന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കാര്യമായ തോതില്‍ ബിജെപി വോട്ട് മറിഞ്ഞിട്ടുണ്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി ഇത്തവണ മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രമാണ് പ്രചാരണത്തില്‍ ശ്രദ്ധയൂന്നിയത്. ഇത് വോട്ടു കച്ചവടത്തിന്റെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നു. 

ബൂത്തു തലം മുതലുള്ള വിലയിരുത്തലാണ് ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ജില്ലാ ഘടകങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഇതില്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തങ്ങളുടെ വിലയിരുത്തലുകള്‍ കൂടി യോഗത്തില്‍ അവതരിപ്പിക്കും. കൊല്ലത്ത് ബിജെപി വോട്ടുകള്‍ കാര്യമായി പ്രേമചന്ദ്രന് മറിഞ്ഞെന്ന് ഇടതുസ്ഥാനാര്‍ത്ഥി തന്നെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ