കേരളം

പതിനാറു സീറ്റില്‍ മികച്ച വിജയം, പത്തനംതിട്ടയും തിരുവനന്തപുരവും കടന്നുകൂടും, പാലക്കാടും ആറ്റിങ്ങലും കൈവിടും; കോണ്‍ഗ്രസ് കണക്കുകൂട്ടല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ പാലക്കാടും തെക്ക് ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉടനീളം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും ഇതു യുഡിഎഫിന് അനുകൂലമാണെന്നും മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

പാലക്കാട്ട് ജയസാധ്യത കുറവാണെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. വോട്ടിങ്ങിനെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തില്‍ ആറ്റിങ്ങലും ഇതിനോടു ചേര്‍ക്കുകയാണ് പാര്‍ട്ടി. മറ്റ് പതിനെട്ടിടത്തും യുഡിഎഫിനു ജയസാധ്യതയുണ്ട്. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ജയത്തില്‍ മാത്രമാണ്, മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലില്‍ അല്‍പ്പമെങ്കിലും സംശയ സാധ്യത നിലനിര്‍ത്തിയിട്ടുളളത്. പതിനാറു സീറ്റിലെ ജയം ഉറപ്പാണെന്നും അപ്രതീക്ഷിത ഘടകങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതില്‍ മാറ്റമുണ്ടാവൂ എന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 

പാലക്കാട്ടും ആറ്റിങ്ങലും എല്‍ഡിഎഫിന് ഉറച്ച രാഷ്ട്രീയ വോട്ടുകള്‍ ഉണ്ടെന്നും അതിനെ മറികടക്കുന്ന മുന്നേറ്റം നടത്താന്‍ യുഡിഎഫിന് ആയിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ എല്‍ഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാനും കോട്ടകളില്‍ കടന്നുകയറാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതു വിജയത്തില്‍ എത്താന്‍ മാത്രമുണ്ടോയെന്നതില്‍ പാര്‍ട്ടി സംശയം പ്രകടിപ്പിക്കുന്നു. പാലക്കാട്ട് ഇത്തരത്തില്‍ ഒരു മുന്നേറ്റം പോലും സാധ്യമായിട്ടില്ല. ഇവിടെ പ്രചാരണത്തിലും യുഡിഎഫ് പിന്നിലായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉടനീളം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ട്. പോളിങ് ശതമാനം ഉയര്‍ന്നതിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ഇതാണ്. ഇതു യുഡിഎഫിന് അനുകൂലമാണെന്നാണ് എല്ലാ മണ്ഡലം കമ്മിറ്റികളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ ഉണ്ടാവുന്ന ചോര്‍ച്ചയും യുഡിഎഫിന് അനുകൂലമായി വരും. അപ്രതീക്ഷിത ഘടകങ്ങളില്ലെങ്കില്‍ പതിനാറു സീറ്റുകള്‍ നേടാന്‍ ഈ സാഹചര്യം വഴിയൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജയിക്കുമെന്നു തന്നെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ബിജെപിയുടെ വോട്ടുകളിലുണ്ടാവുന്ന വര്‍ധനയും ഇതു മറ്റു പാര്‍ട്ടികളുടെ വോട്ടിനെ എങ്ങനെ ബാധിക്കും എന്നതും മറ്റിടങ്ങളേക്കാള്‍ ഈ മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവുമെന്ന് നേതാക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി