കേരളം

നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമം നടക്കില്ല ; രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി : ഗതാഗതമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച വാഹനം ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച അന്വേഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിയമപരമായ നടപടി സ്വീകരിക്കാന്‍ ഗതാഗത സെക്രട്ടറിക്കും ഗതാഗത കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. വാഹനത്തിന്റെ ലൈസന്‍സ് ശ്രീറാമിന്റെ പേരിലല്ല എന്നാണ് അറിയുന്നത്. വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

അപകടത്തില്‍ ആരെയെങ്കിലും മനഃപൂര്‍വം രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന ഐഎഎസ് മാതൃകാപരമായി പെരുമാറേണ്ടവരാണ്. ഉത്തവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ നിയമം പാലിക്കുന്നതിൽ മാതൃക കാണിക്കേണ്ടവരാണ്. എന്നാല്‍ അപകടമുണ്ടായശേഷം നിയമനടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹം വൃഥാശ്രമം നടത്തുന്നതായാണ് അറിയുന്നത്. അത് നടക്കില്ലെന്നും മന്ത്രി പറഞ്ഞു. 

ഉച്ചയോടെ അപകടത്തില്‍ കര്‍ശന നടപടി ഉണ്ടാകും. ഇക്കാര്യത്തില്‍ ജില്ലാ കളട്കര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും ഡിജിപിക്കും അടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള കാര്യങ്ങള്‍ ഡിജിപി വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നും തുടക്കത്തില്‍ വേണ്ട ശുഷ്‌കാന്തി ഉണ്ടായില്ലെന്ന ആക്ഷേപവും ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രക്തപരിശോധന നടത്തുന്നതിലുള്ള വീഴ്ച സംബന്ധിച്ച് പരിശോധിച്ച് പരിശോധിച്ചു വരികയാണെന്നും ഡിജിപി അറിയിച്ചതായും മന്ത്രി പറഞ്ഞു.

പുലര്‍ച്ചെ 12.55 നാണ് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് സിറാജ് ദിനപ്പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് ബഷീര്‍ മരിച്ചത്. എന്നാല്‍ രാവിലെ 8.30 ഓടെ മാത്രമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്നവര്‍ ആരെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്. അപകടത്തിനുശേഷം ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും രക്ത പരിശോധന നടത്താന്‍ മ്യൂസിയം പൊലീസ് തയ്യാറായില്ല. ദേഹ പരിശോധന നടത്താന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു.

ശ്രീറാമിനെ കൊണ്ടു വന്നപ്പോള്‍ മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായും ഡോക്ടര്‍ വെളിപ്പെടുത്തി. പിന്നീട് മെഡിക്കല്‍ കോളേജില്‍ നിന്നും ശ്രീറാം സ്വന്തം നിലയ്ക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. രക്തപരിസോധന നടത്തണമെന്ന് പൊലീസുകാര്‍ പിന്നീട് ആശുപത്രിയില്‍ എത്തി ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് ശ്രീറാം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് പൊലീസ് തിരികെ പോകുകയായിരുന്നു.

സംഭവം വിവാദമായതോടെ രാവിലെ എട്ടരയോടെയാണ് കാറിലുണ്ടായിരുന്ന യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. മദ്യപിക്കാതിരുന്ന ഇവരുടെ രക്ത പരിശോധനയും പൊലീസ് നടത്തി. എന്നാല്‍ മദ്യപിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്തിയതുമില്ല. 12 മണിക്കൂറിനകം രക്ത പരിശോധന നടത്തിയാല്‍ മതിയെന്നാണ് പൊലീസ് കമ്മീഷണര്‍ പിന്നീട് വിശദീകരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ