കേരളം

'നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം'; ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് അമ്പരപ്പിച്ച നൗഷാദ്; നന്മ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഴക്കെടുതിയുടെ തീരാ ദുരിതത്തിലാണ് കേരളം. കഴിഞ്ഞ വർഷം മഹാപ്രളയമുണ്ടായപ്പോൾ മലയാളികൾ ഒറ്റക്കെട്ടായി ദുരിത ബാധിതരെ സഹായിക്കാൻ രം​ഗത്തിറങ്ങിയിരുന്നു. എന്നാൽ ഇത്തവണ സഹായം നൽകാൻ ചിലർ മടിക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. അതെല്ലാം മാറി ദുരിതത്തിലായവരെ സഹായിക്കാൻ കൈ മെയ് മറന്ന് മലയാളി ഇറങ്ങിത്തുടങ്ങി. 

തന്റെ കടയിലെ പുത്തൻ വസ്ത്രങ്ങൾ ചാക്കിൽ വാരി നിറച്ച് വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതരിലേക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിന്റെ നിറഞ്ഞ നന്മയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ. എന്റെ പെരുന്നാളിങ്ങനെയാ..’ 

വയനാട്, മലപ്പുറം എന്നിവടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്. കട തുറന്ന് വിൽപ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കിൽ കയറ്റി നൗഷാദ് ദുരിത ബാധിതർക്ക് കൈത്താങ്ങായി. കുട്ടികൾക്കും സ്ത്രീകൾക്കുമടക്കമുള്ള  പുതു വസ്ത്രങ്ങൾ, പ്രൈസ് ടാ​ഗ് പോലും മാറ്റാതെ നൗഷാദ് നിറച്ചു കൊടുത്തു. സിനിമാ- നാടക നടൻ രാജേഷ് ശർമയോടാണ് നൗഷാദ് കടയിലേക്ക് വരാൻ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങൾ നൽകിയതും. ഇതാണെന്റെ ലാഭം എന്ന് തുറന്നു പറഞ്ഞ ആ സ്നേഹത്തെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് രാജേഷ് ശർമ കേരളത്തിന് മുന്നിലെത്തിച്ചത്. 

നൗഷാദ് എന്ന ഈ മനുഷ്യൻ മലയാളിക്ക് നൽകുന്നത് സ്നേ​ഹത്തിന്റെ നന്മയുടെ വലിയ പാഠമാണ്. ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ല എന്ന് പറയുന്നവർക്ക് തന്റെ പ്രവർത്തിയിലൂടെയാണ് നൗഷാദ് ഉത്തരം നൽകുന്നത്. ചാക്കുകളിൽ മുഴുവൻ സ്നേഹം വാരി വാരി നിറച്ച്  നൗഷാദ് ഇത് വാങ്ങാനെത്തിയവരെ പോലും അമ്പരപ്പിച്ചു കളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന