കേരളം

സൂക്ഷിക്കുക, ഒരക്ഷരം മാറിയാല്‍ പണം പോകും; ദുരിതാശ്വാസനിധിയുടെ പേരിലും തട്ടിപ്പിന് ശ്രമം, കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായം പ്രവഹിക്കുന്നതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ തട്ടിപ്പിന് ശ്രമം. യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡി. അതിന് പകരം  kerelacmdrf@sbi എന്ന ഐഡി നിര്‍മിച്ചാണ് തട്ടിപ്പ്.

ഒരു അക്ഷരത്തില്‍ മാറ്റം വരുത്തി വലിയ തട്ടിപ്പിനുളള ശ്രമമമാണ് നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിള്‍ പേ, ഫോണ്‍ പേയ് തുടങ്ങിയവയില്‍ യുപിഐ സംവിധാനമുണ്ട്. 

ഇതിനിടെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 27 ആയി. ഒരാളെ അറസ്റ്റു ചെയ്തു. തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ തമ്പിയുടെ മകന്‍ രഘു (48) ആണ് അറസ്റ്റിലായത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.  

ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 8 വരെ 1.61 കോടി രൂപയാണ് എത്തിയത് . കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 18 മുതല്‍ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങളിലൂടെ നിധിയിലേക്ക് എത്തിയത് 205.51 കോടി. നിധിയിലേക്ക് ആകെ ലഭിച്ച തുക 4359.68 കോടിരൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചാലഞ്ചിലൂടെ സമാഹരിച്ചതും ഇതര സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും സംഭാവന നല്‍കിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.വീടു വയ്ക്കാനും ചികില്‍സയ്ക്കും ആശ്വാസധനമായും നിധിയില്‍നിന്ന് ഇതുവരെ നല്‍കിയത് 2008 കോടി രൂപയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍