കേരളം

'ഇതാ എറണാകുളത്തിന്റെ പുതിയ ഹീറോ !' ; പ്രശംസയുമായി കളക്ടര്‍ ; ആദ്യകച്ചവടത്തിലെ തുകയും ദുരിതാശ്വാസത്തിന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്വന്തം കടയിലെ വസ്ത്രങ്ങളെല്ലാം പ്രളയദുരിതബാധിതര്‍ക്കായി നല്‍കിയ നൗഷാദ്, കൊച്ചി ബ്രോഡ് വേയില്‍ പുതുതായി തുടങ്ങിയ കടയിലെ ആദ്യ വില്‍പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ല കളക്ടറുടെ ചേംബറിലെത്തിയാണ് നൗഷാദ് തുക കൈമാറിയത്. നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകരുന്നതായിരുന്നെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

ഉദ്ഘാടന ദിവസം തന്നെ, നേരത്തെ നൗഷാദിന് പാരിതോഷികമായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങള്‍ വാങ്ങാന്‍ വിദേശ മലയാളി അഫി അഹമ്മദ് എത്തിയിരുന്നു. അഫിയുടെ പാരിതോഷികം പ്രളയബാധിതര്‍ക്ക് വസ്ത്രങ്ങളായി സമ്മാനിക്കാമെന്ന് നൗഷാദ് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് അഫി അഹമ്മദ് ഉദ്ഘാടന ദിവസം തന്നെ കടയിലേക്ക് എത്തി നൗഷാദിന് തുക കൈമാറിയത്. ഇതാണ് ദുരിതാശ്വാസ നിധിയിലേക്ക് നൗഷാദ് നല്‍കിയത്. 

കടയുടെ ഉദ്ഘാടനത്തിന് ജില്ലാ കളക്ടര്‍ എത്തുമെന്നായിരുന്നു അറിയിച്ചത്, അദ്ദേഹത്തിന് എത്താന്‍ കഴിയാതെയിരുന്നതിനാല്‍ നാട്ടുകാര്‍ ചേര്‍ന്നാണ് കടയുടെ ഉദ്ഘാടനം നടത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതിനായെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ തെരുവില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് സ്വന്തം കട തുറന്ന് ആവശ്യസാധനങ്ങള്‍ സൗജന്യമായി നല്‍കുകയായിരുന്നു. 

കടയിലെ ആദ്യവില്‍പ്പനയിലെ തുകയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ നൗഷാദിനെ പ്രകീര്‍ത്തിച്ച് ജില്ലാ കളക്ടര്‍ രംഗത്തുവന്നു. എറണാകുളത്തിന്റെ പുതിയ ഹീറോ ആണെന്ന് കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ഒന്നും കൊടുക്കുന്നില്ല എന്ന വ്യാഖ്യാനത്തിനു എറണാകുളം കേരളത്തിന് കാണിച്ചു കൊടുത്ത മാതൃകയാണ് നൗഷാദ്. നൗഷാദ് കാണിച്ചു കൊടുത്ത ഹൃദയവിശാലതയില്‍ നിന്നു ഊര്‍ജം ഉള്‍ക്കൊണ്ട് പ്രളയബാധിതരായ സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി സാധനങ്ങളും , സേവനങ്ങളും, CMDRF ആയും ഇന്ന് കേരളം മുന്നേറുകയാണെന്ന് കളക്ടര്‍ പറഞ്ഞു.

കളക്ടറുടെ പോസ്റ്റിന്റെ പൂര്‍ണരൂപം : 

എറണാകുളത്തിന്റെ പുതിയ ഹീറോ !

ഒന്നും കൊടുക്കുന്നില്ല എന്ന വ്യാഖ്യാനത്തിനു എറണാകുളം കേരളത്തിന് കാണിച്ചു കൊടുത്ത മാതൃകയാണ് നൗഷാദ് .

നൗഷാദ് കാണിച്ചു കൊടുത്ത ഹൃദയവിശാലതയില്‍ നിന്നു ഊര്‍ജം ഉള്‍ക്കൊണ്ട് പ്രളയബാധിതരായ സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി സാധനങ്ങളും , സേവനങ്ങളും, CMDRF ആയും ഇന്ന് കേരളം മുന്നേറുകയാണ് .

ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു ഹീറോ ഉണ്ട് , നിങ്ങളുടെ ഉള്ളിലെ ഹീറോയെ പുറത്തുകൊണ്ടുവരാന്‍ ഇതാണ് ഏറ്റവും നല്ല സമയം .

ബിഗ്ഗ് സല്യൂട്ട് നൗഷാദ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ