കേരളം

ശ്രീറാമിനെതിരെ പുതിയ വകുപ്പു ചുമത്തും; രക്തപരിശോധനയ്ക്കു വിസമ്മതിച്ചത് ആയുധമാക്കാന്‍ പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട വാഹനാപകട കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് പുതിയ വകുപ്പുകള്‍ ചുമത്തിയേക്കും. മദ്യപിച്ചത് അറിയാനുള്ള രക്തപരിശോധനയ്ക്ക് വിസമ്മതിച്ചതു ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പിന്റെ 205ാം വകുപ്പു ചുമത്താനാണ് പൊലീസ് ആലോചിക്കുന്നത്.

മദ്യപിച്ച് വണ്ടിയോടിച്ചെന്നു സംശയിക്കുന്നയാള്‍ ശ്വാസ പരിശോധനയ്‌ക്കോ രക്തപരിശോധനയ്‌ക്കോ വിസമ്മതിക്കുന്ന സാഹചര്യത്തില്‍, മറ്റു തെളിവുകളുടെ അടിസ്ഥാനത്തില്‍ മദ്യലഹരിയില്‍ കാറോടിച്ചെന്ന കുറ്റം ചുമത്താന്‍ 205ാം വകുപ്പിലൂടെ കഴിയും. ശ്രീറാം മദ്യലഹരിയിലായിരുന്നെന്ന ദൃക്‌സാക്ഷി മൊഴികള്‍ പൊലീസിന്റെ പക്കലുണ്ട്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടറും വ്യക്തമാക്കിയിട്ടുണ്ട്. മദ്യഗന്ധം ഉണ്ടായിരുന്നെന്ന് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് പറഞ്ഞതും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഈ തെളിവുകള്‍ വച്ച്, 205ാം വകുപ്പു പ്രകാരം ശ്രീറാം വാഹനമോടിക്കാന്‍ യോജ്യമല്ലാത്ത അവസ്ഥയില്‍ ആയിരുന്നെന്നു തെളിയിക്കാനാവുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

അപകടം കഴിഞ്ഞു മണിക്കൂറുകള്‍ ശേഷം നടത്തിയ രക്തപരിശോധനയില്‍ ശ്രീറാം മദ്യപിച്ചെന്നു തെളിയിക്കാനായിരുന്നില്ല. ഒന്‍പതു മണിക്കൂറിനു ശേഷമാണ് പരിശോധനയ്ക്കായി രക്തസാംപിള്‍ ശേഖരിച്ചത്. ഇതു ചൂണ്ടിക്കാട്ടി ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ശ്രീറാമിനെതിരെ ഇപ്പോള്‍ ചുമത്തിയിട്ടുള്ള 304ാം വകുപ്പ് നിലനില്‍ക്കുമോയെന്ന സംശയം, ജാമ്യം അനുവദിച്ചത് ശരിവച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി മുന്നോട്ടുവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ