കേരളം

'മകളുടെ മൃതദേഹം ആശുപത്രിയില്‍ വലിച്ചെറിഞ്ഞ നിലയില്‍'; ബര്‍ത്ത് ഡേ പാര്‍ട്ടി അന്വേഷിക്കണം; അവര്‍ എന്തൊക്കെ ചെയ്തുവെന്ന് അവള്‍ എഴുതിവെച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഫാത്തിമയുടെ അച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെന്നൈ ഐഐടിയില്‍ ഹോസ്റ്റല്‍മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ് ലത്തീഫ്.  ഫാത്തിമയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത് മുട്ടുകാലില്‍നില്‍ക്കുന്ന നിലയിലായിരുന്നുവെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ ദിവസം ഫാത്തിമയുടെ  മൃതശരീരം കാണാന്‍ പൊലീസ് അനുവദിച്ചില്ല.  തെളിവുകള്‍ നശിപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നവെന്നും ലത്തീഫ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലത്തീഫ്.

ആത്മഹത്യ ചെയ്തുവെന്നാണ് പറഞ്ഞതെങ്കിലും മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ല. മുറിയിലെ പുസ്തകങ്ങളും സാധനങ്ങളും അലക്ഷ്യമായി കിടന്നിരുന്നു. ഫാത്തിമ ഒന്നും അലക്ഷ്യമായി വെയ്ക്കാറില്ല. മുറിയുടെ വാതില്‍ അടക്കാതിരുന്നതും ദുരൂഹമാണ് ലത്തീഫ് പറഞ്ഞു. 

സംഭവദിവസം ഹോസ്റ്റലില്‍ പിറന്നാളാഘോഷം നടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേദിവസം ഹോസ്റ്റലിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മരണം നടന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പുലര്‍ച്ചെ വരെ ഹോസ്റ്റലിലെ പിറന്നാളാഘോഷം നീണ്ടിരുന്നു. മരണശേഷം കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. 

ഫാത്തിമയുടെ അക്കാദമിക് മികവില്‍ കൂടെ പഠിച്ചിരുന്ന പലകുട്ടികള്‍ക്കും അവളോട് ദേഷ്യമുണ്ടായിരുന്നു. മാനസികപീഡനങ്ങളും നേരിട്ടിരുന്നു. എന്തെല്ലാം നടന്നുവെന്ന് അവള്‍ കൃത്യമായി പേരുവിവരങ്ങള്‍ സഹിതം എഴുതിവെച്ചിരുന്നു. അതില്‍ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ പേരുമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ഥികളുടെ പേരുകളുമുണ്ട്. ഇനിയതൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ല അദ്ദേഹം വ്യക്തമാക്കി. 

ഫാത്തിമയുടെ മരണത്തില്‍ കോട്ടൂര്‍പുരം പൊലീസ് തുടക്കംമുതലേ അനാസ്ഥ കാണിച്ചെന്നും വിവരമറിഞ്ഞെത്തിയ കുടുംബാംഗങ്ങളോടും കൊല്ലം മേയറോടും വളരെ മോശമായാണ് പെരുമാറിയതെന്നും ലത്തീഫ് പറഞ്ഞു. മൃതദേഹത്തോടും പോലും നീതികാണിച്ചില്ല. ആശുപത്രിയിലെത്തിയപ്പോള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്നും പിതാവ് പറഞ്ഞു. മരണം നടന്നതിന്റെ തലേദിവസം ഫാത്തിമ മെസ് ഹാളില്‍ ഇരുന്ന് കരഞ്ഞിരുന്നതായി ഒരാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആ മൊഴി തിരുത്തി. മദ്രാസ് ഐഐടിയില്‍ ഭീകരാന്തരീക്ഷമാണുള്ളത്. ഒരു കുട്ടി മരിച്ചുകഴിഞ്ഞാല്‍ ആ കുട്ടിയുടെ പേരുപോലും അവിടെ ബാക്കിയുണ്ടാവില്ല. മൃതദേഹം കൊണ്ടുപോകുന്നതും വിട്ടുകൊടുക്കുന്നതുമെല്ലാം സ്വകാര്യ ഏജന്‍സിയാണ്.

ഫാത്തിമയുടെ മരണവിവരം ഐഐടിയില്‍നിന്ന് ഒരാള്‍പോലും തന്റെ വീട്ടുകാരെ വിളിച്ചറിയിച്ചില്ല. അവര്‍ നല്‍കിയ സിസിടിവി ദൃശ്യങ്ങളില്‍ പോലും കൃത്രിമത്വം നടത്തിയിരുന്നു. കേസില്‍ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ തൃപ്തനാണ്. ഈ കേസ് ഏറെ സങ്കീര്‍ണമാണെന്നാണ് അന്വേഷണം നടത്തുന്ന ഈശ്വരമൂര്‍ത്തി സാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പലകാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാതിരുന്നത്. ഇനിയും ചിലകാര്യങ്ങളുണ്ട് ലത്തീഫ് വിശദീകരിച്ചു. 

എനിക്കിനി കരയാന്‍ കണ്ണീരില്ല, വേറെയും രണ്ട് പെണ്‍കുട്ടികളുണ്ട്. ഫാത്തിമയുടെ മരണത്തില്‍ സത്യാവസ്ഥ കണ്ടെത്താന്‍ മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും നല്‍കിയ പിന്തുണ വളരെ വലുതാണ്. ഇനിയും പിന്തുണവേണമെന്നും ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു