കേരളം

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ദമാം, ജിദ്ദ സര്‍വീസുകള്‍ ഉടന്‍ ; എമിറേറ്റ്‌സ്, ഇത്തിഹാദ് സര്‍വീസുകളും തുടങ്ങുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദമാമിലേക്കുള്ള ഗോ എയര്‍ സര്‍വീസ് ഡിസംബര്‍ 19ന് ആരംഭിക്കും.  ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ മുന്നോട്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വലിയ വിദേശ വിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാരും കിയാലും നിരവധി തവണ വിദേശവിമാനകമ്പനികള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

20 വിമാനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാനുള്ള ഏപ്രണ്‍ സൗകര്യം ഇപ്പോള്‍ കണ്ണൂരിലുണ്ട്. 40 വിമാനങ്ങള്‍ നിര്‍ത്തിയിടാന്‍ പാകത്തില്‍ ഏപ്രണിന്റെ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്്. ആരംഭിച്ച് ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ 10 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടം കൈവരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സാധിച്ചുവെന്നത് ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏത് വികസന പദ്ധതിയുടെയും വിജയം പൊതുജനപങ്കാളിത്തത്തിലാണെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താന്‍ നാട്ടുകാരും വിദേശ മലയാളികളും പ്രവാസി സംഘടനകളും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

വിമാനത്താവളം തുറന്നിടുന്ന വികസനം പൂര്‍ണതയിലെത്തണമെങ്കില്‍ റോഡ് വികസനം കൂടി അനിവാര്യമാണ്. ആറ് വിമാനത്താവള റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായി വരികയാണ്.  ഉത്തരമലബാറുകാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ വിമാനത്താവളമായി കണ്ണൂര്‍ എയര്‍പോര്‍ട്ട് മാറിക്കഴിഞ്ഞതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിമാനത്താവളത്തില്‍ 2000ത്തിലേറെ പേര്‍ക്ക് നേരിട്ടും അതിന്റെ ഇരട്ടിയിലധികം പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭ്യമാക്കാന്‍ ഇതിനകം സാധിച്ചു. ആഭ്യന്തര വിദേശ സര്‍വീസുകള്‍ ഉള്‍പ്പെടെ 50ഓളം സര്‍വീസുകളാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇപ്പോഴുള്ളത്.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണ്. നാലാമതൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിലുണ്ടോ എന്ന് നേരത്തേ സംശയം പ്രകടിപ്പിച്ചവരുടെ കണ്ണു തുറപ്പിക്കുന്നതാണ് ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൈവരിച്ച നേട്ടങ്ങള്‍. യാത്രക്കാര്‍ക്ക് അനായാസം ഉപയോഗിക്കാവുന്ന വിധത്തിലാണ് ടെര്‍മിനലിലെ സൗകര്യങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. 2000 യാത്രക്കാര്‍ക്ക് ഒരേ സമയം ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും.

യാത്രാ ആവശ്യങ്ങള്‍ക്കു മാത്രമല്ല, ചരക്കുഗതാഗതത്തിലും വന്‍ വളര്‍ച്ചയാണ് വ്യോമയാന രംഗത്ത് വരുംകാലങ്ങളില്‍ ഉണ്ടാവാന്‍ പോവുന്നത്. അതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളും കണ്ണൂരിലുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചാമതൊരു വിമാനത്താവളം കൂടി ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു