കേരളം

എന്നെയും മുനീറിനെയും പ്രേമചന്ദ്രനെയും സംഘിയാക്കി; സത്യം പറയുന്നവരെ സംഘിയാക്കുകയാണ് സിപിഎം എന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്നും പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വകുപ്പ് നാഥനില്ലാക്കളരിയായി. ആര്‍എസ്എസിനും ബിജെപിക്കും കലാപമുണ്ടാക്കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുകയാണ്. മതന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ അക്രമം നടത്താന്‍ സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുന്നു. ഇവിടെ സാമുദായിക ധ്രുവീകരണം ഉണ്ടായാല്‍ ഉണ്ടായിക്കേട്ടെ എന്ന നിലപാടാണ് സര്‍ക്കാരിനെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും തമ്മില്‍ ഗുരുതരമായ ആക്രമണങ്ങളാണ്  അരങ്ങേറുന്നത്. അതിനിടയില്‍ സാധാരണക്കാരന് സൈ്വര്യ ജീവിതം അസാധ്യമാകുന്നു. ഇവിടെയൊരു സര്‍ക്കാരുണ്ടോ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്. ഈ അരാജകത്വത്തിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. 

ഡിജിപി പറഞ്ഞാല്‍ കേള്‍ക്കാത്ത എസ്പിമാരെ എന്തുകൊണ്ട് പുറത്താക്കുന്നില്ല. ഡിജിപിയുടെ നിര്‍ദ്ദേശം എസ്പിമാര്‍ നടപ്പാക്കാത്തത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദ്ദേശമാണ് എസ്പിമാര്‍ നടപ്പാക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അതുകൊണ്ടായിരിക്കാം എസ്പിമാര്‍ ഡിജിപി പറഞ്ഞത് കേള്‍ക്കാതിരുന്നത്. സഹികെട്ടായിരിക്കാം ഡിജിപി ഇക്കാര്യം തുറന്നുപറഞ്ഞെതെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാര്‍ അക്രമം പോലിസ് നോക്കി നില്‍ക്കുകയാണ്. യുഎഡ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്ന പൊലീസ് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നില്ല. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതില്‍ യുഡിഎഫ് പ്രതിഷേധിക്കുന്നു. 

ശബരിമലയെ കുറിച്ച് സത്യം പറയുന്നവരെ സംഘികളാക്കി ചിത്രീകരിക്കുന്നു. എംക മുനീര്‍ സത്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ സംഘിയാക്കി. എന്‍കെ പ്രേമചന്ദ്രനും ഞാനും സത്യം പറഞ്ഞപ്പോള്‍ സംഘിയാക്കി. ഞങ്ങള്‍ക്ക് അതില്‍ ഭയമില്ല. സിപിഎമ്മുമായി പോരാടിയ ചരിത്രമാണ് കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. 

ശബരിമലയിലെ യുവതി പ്രവേശനം ആസൂത്രിതമാണ്. ഇതിനായി  മുഖ്യമന്ത്രിയുടെ ഓഫീസില്‍ സെല്‍ പ്രവര്‍ത്തിക്കുന്നു. വനിതാ മതിലില്‍ പങ്കെടുത്തത് 12 ലക്ഷം പേര്‍ മാത്രമാണ്. മതിലില്‍ പങ്കെടുത്തവര്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. ഈ മാസം 12 ന് വിവേകാനന്ദ പ്രതിമക്കു മുന്നില്‍ യുഡിഎഫ് ഉപവാസം നടത്തും. 23ന് സെക്രട്ടേറിയേറ്റും കലക്ടറേറ്റുകളും വളയുമെന്നും ചെന്നിത്തല വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ