കേരളം

പേരാമ്പ്ര പള്ളി ആക്രമിച്ചത് സിപിഎം നേതാവല്ല ; പൊലീസ് എഫ്‌ഐആര്‍ ആര്‍എസ്എസ് പ്രേരണയിലെന്ന് മന്ത്രി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: പേരാമ്പ്ര ജുമാ മസ്ജിദിന്  നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് മന്ത്രി ഇ പി ജയരാജന്‍. സാധാരണ ഗതിയില്‍ സംഭവിക്കാത്ത കാര്യം എഴുതിചേര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ നല്‍കുകയായിരുന്നു. പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ആര്‍എസ്എസുകാരാണ്. ഇക്കാര്യത്തില്‍ പൊലീസിന്റെ ശരിയായ നിരീക്ഷണം അവിടെ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

പൊലീസ് സംഗതികളെ വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് പ്രേരണയാണ് എഫ്‌ഐആറിന് പിന്നിലെന്നും ഇപി ജയരാജന്‍ ആരോപിച്ചു. ആര്‍എസ്എസ് ക്യാംപുമായി ബന്ധപ്പെട്ട ചില പൊലീസുകാര്‍ അവിടെയുണ്ട്. അവര്‍ എഴുതി ചേര്‍ത്തതാണ് എഫ്‌ഐആര്‍. പേരാമ്പ്ര പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാന്‍ പാടില്ല. പൊലീസ് നടപടി പരിശോധിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പന്നിമുക്ക് മാണിക്കോത്ത് അതുല്‍ദാസിനെയാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താല്‍ ദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ അതുല്‍ദാസ് ഇപ്പോള്‍ റിമാന്‍ഡിലാണ്. 

 പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പര്‍ധ വളര്‍ത്താനാണ് എന്നായിരുന്നു എഫ്‌ഐആര്‍. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലഹള ആയിരുന്നു ലക്ഷ്യമെന്നും എഫ്‌ഐആറിലുണ്ട്. പൊലീസ് നടപടിക്കെതിരെ നേരത്തെ സിപിഎം  ജില്ലാ സെക്രട്ടേറിയറ്റും പ്രസ്താവന ഇറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു