കേരളം

മൂന്നാറിലും വയനാട്ടിലും ശീതതരംഗം?; കേരളത്തില്‍ അനുഭവപ്പെടുന്നത് 30 വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പ്; പുനലൂരില്‍ 16.2 ഡിഗ്രി, കാരണമറിയാതെ ശാസ്ത്രലോകം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത് കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പെന്ന് റിപ്പോര്‍ട്ട്. മൂന്നാറില്‍ തണുപ്പ് പൂജ്യത്തിലും താഴെ മൈനസ് മൂന്നായപ്പോള്‍ സാധാരണ ജനമേഖലകളില്‍ പുനലൂരിലാണ് ഈ വര്‍ഷത്തെ റെക്കോഡ് തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 16.2 ഡിഗ്രി. ശബരിമലയില്‍ 16ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്ന തണുപ്പ്. സാധാരണ നിലയില്‍ ഒന്നോ, രണ്ടോ ഡിഗ്രി കുറയുന്നതിന് പകരം ഈ വര്‍ഷം നാലു ഡിഗ്രിയോളമാണ് അന്തരീക്ഷ ഊഷ്മാവ് താഴ്ന്നത്. പുനലൂരില്‍ 4.4, കോട്ടയത്ത് 4.1, തിരുവനന്തപുരത്ത് 1.2 എന്ന തരത്തിലാണ് താപനില കുറഞ്ഞത്. കഴിഞ്ഞ പതിറ്റാണ്ടിനിടെ അനുഭവപ്പെടാത്ത തണുപ്പില്‍ വിറയ്ക്കുമ്പോള്‍ കൃത്യമായ കാരണങ്ങള്‍ തേടി വിയര്‍ക്കുകയാണ് ഗവേഷകരും ശാസ്ത്രജ്ഞരും. 

മൂന്നാര്‍, വയനാട് എന്നിവിടങ്ങളില്‍ 16 ഡിഗ്രിയില്‍ നിന്ന് ആറുദിവസം തുടര്‍ച്ചയായി ശരാശരി 11 ഡിഗ്രിയായി താപനില താഴ്ന്നാല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ശീതതരംഗം പ്രഖ്യാപിച്ചേക്കും. വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കും. മുന്നൊരുക്കങ്ങളും സ്വീകരിക്കും. 8.5 ഡിഗ്രി വരെ വയനാടും മൈനസ് രണ്ടായി മൂന്നാറിലും കൊടുശൈത്യം അനുഭവപ്പെട്ടിരുന്നു. ഉച്ചയോടെ വരണ്ട കാലാവസ്ഥയിലേക്ക് മാറുന്ന ഹൈറേഞ്ച് മേഖലകളില്‍ രാത്രി ഏഴോടെ നല്ല തണുപ്പ് അനുഭവപ്പെടും. പുലര്‍ച്ചെയോടെ കൊടും തണുപ്പാകും. അതിശൈത്യത്തില്‍ ബംഗലൂരുവില്‍ ശീതതരംഗം പ്രഖ്യാപിച്ചിരിക്കുകയാണ്. 

മുപ്പതുവര്‍ഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു 30 വര്‍ഷ കാലയളവില്‍ സാധാരണ ജനമേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്ന  ഏറ്റവും വലിയ തണുപ്പ്. ഡിസംബറില്‍ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരിയില്‍ തീരും. 19ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില. തിരുവനന്തപുരം,കണ്ണൂര്‍, ആലപ്പുഴ, കോട്ടയം,കോഴിക്കോട് മേഖലകളില്‍ പുലര്‍ച്ചെ കടുത്ത തണുപ്പുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് 23.8 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ രാത്രി താപനില.

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ കാറ്റു വീശുന്നതിനാല്‍ തണുപ്പ് ഉയരാതെ നില്‍ക്കുന്നുണ്ട്. ഇളംകാറ്റിലാണ് തണുപ്പ് കൂടുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വാഹനപ്പെരുപ്പവും കാരണം നഗരങ്ങളില്‍ ഉയര്‍ന്ന തണുപ്പ് അനുഭവപ്പെടുന്നില്ലെങ്കിലും കാലാവസ്ഥ താളം തെറ്റുന്നത് വ്യക്തം.ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇത്തവണ അല്‍പം വൈകിയാണെങ്കിലും താപനില വളരെ താഴുകയായിരുന്നു. പകല്‍നേരങ്ങളില്‍ സാധാരണ പോലെ ചൂടുണ്ട്. രാത്രിയിലും രാവിലെയും മഞ്ഞ് വ്യാപിക്കുന്നതിന് പല നിഗമനങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ കാലാവസ്ഥ മാറ്റത്തിന് പ്രളയവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. വരള്‍ച്ചയുടെ മുന്നോടിയാണെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല. വേനല്‍മഴയാണ് വരള്‍ച്ച നിര്‍ണ്ണയിക്കുക. മേഘങ്ങള്‍ വ്യാപിച്ചാല്‍ തണുപ്പു കുറയുമെന്ന് കാലാവസ്ഥ ഗവേഷകന്‍ ഡോ സി എസ് ഗോപകുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍