കേരളം

തിരുവനന്തപുരത്ത് മോഹൻ ലാലോ സുരേഷ് ​ഗോപിയോ ?; ബിജെപിയിൽ ചർച്ചകൾ സജീവം ; പരി​ഗണിക്കുന്നത് നിരവധി പ്രമുഖരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്സഭാ തെര‍ഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ, രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സ്ഥാനാർത്ഥി ചർച്ചയും ചൂടുപിടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകുകയാണ്. പാർട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും ബിജെപി നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തിൽ ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രവർത്തനം.

നിലവിൽ രാജ്യസഭാ എംപിയായ നടൻ സുരേഷ്‌ഗോപി, മുൻ ഡിജിപി. ടി പി സെൻകുമാർ, ശാസ്ത്രജ്ഞൻ നമ്പി നാരായണൻ തുടങ്ങിയവർ മത്സരിക്കാൻ പരി​ഗണിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ട്.  തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ളയ്ക്കൊപ്പമാണ്, സുരേഷ്‌ഗോപി, നമ്പി നാരായണൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേൾക്കുന്നത്. 

നടൻ മോഹൻലാലിനെ സ്ഥാനാർഥിയാക്കണമെന്ന്‌ പാർട്ടിയിലെ ഒരു വിഭാ​ഗം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മോദിയും ലാലും തമ്മിലുള്ള അടുപ്പം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാ​ഗം ഈ നിർദേശം മുന്നോട്ടുവെക്കുന്നത്. ലാൽ സ്ഥാനാർത്ഥിയായാൽ നിഷ്പക്ഷ വോട്ടുകളും സ്ത്രീകളുടെ വോട്ടുകളും സ്വന്തമാക്കാനാകുമെന്നും അവർ വിലയിരുത്തുന്നു. എന്നാൽ മൽസരത്തിനില്ലെന്ന നിലപാടിലാണ് മോഹൻലാൽ. അവസാനശ്രമമെന്ന നിലയിൽ ദേശീയതലത്തിൽ നിന്ന് മോഹൻലാലിനു മേൽ സമ്മർദമുണ്ടാകാമെന്നും നേതാക്കൾ പറയുന്നു.

മോഹൻലാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ തയ്യാറായില്ലെങ്കിൽ, ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. രാജ്യസഭാംഗമായി സുരേഷ്‌ഗോപിയുടെ കാലാവധി ഇനി മൂന്നുകൊല്ലത്തോളമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ താരമൂല്യം വിനിയോ​ഗിക്കാനാകുമോയെന്നാണ് ബിജെപി പരിശോധിക്കുന്നത്. 

മുൻ സംസ്ഥാന അധ്യക്ഷനും ഇപ്പോൾ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. എന്നാൽ ദേശീയ നേതൃത്വം അനുവദിച്ചാൽ മാത്രമേ കുമ്മനത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തെക്കൻ ജില്ലയിൽ സ്ഥാനാർഥിയാകാനും സാധ്യതയുണ്ട്. 

ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചർച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല. സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്നും, മത്സരിക്കുന്നവരെപ്പറ്റി പറയാറായിട്ടില്ല എന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍