കേരളം

കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു:  ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം; തച്ചങ്കരിക്ക് രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. നാളെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോടതി സംഘടനകളോട് നിര്‍ദേശിച്ചു.  പണിമുടക്കിന് എതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കെഎസ്ആര്‍ടിസി തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ കാര്യക്ഷമമായി ഇടപെടാതിരുന്ന എംഡി ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സമരത്തിന് ഒന്നാംതീയതി നോട്ടീസ് കിട്ടിയിട്ടും ഇന്നാണോ ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് കോടതി ചോദിച്ചു. പ്രശ്‌ന പരിഹാരത്തിന് എംഡി സ്വീകരിച്ച നിലപാട് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. 

നാളെയും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചര്‍ച്ചയ്ക്ക് തീരുമാനമാകുന്നതുവരെ സമരം മാറ്റിവയ്ക്കണമെന്ന് കോടതി സമരക്കാരോട് ആവശ്യപ്പെട്ടു. 

ഭരണ, പ്രതിപക്ഷ തൊഴിലാളികള്‍ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ഒഴിവാക്കാനായി തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രിമുതല്‍ സമരം ആരംഭിക്കാനാണ് തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിരുന്നത്. 

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി,   ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവയാണ് സംയുക്ത സമിതിയിലുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു. ഇതുവരെ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രി തയാറായിട്ടില്ലെന്നും തൊഴിലാളി യൂണിയനുകള്‍ പരാതിപ്പെട്ടു. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോര്‍പറേഷന് പണിമുടക്ക് താങ്ങാനാവാത്തതിനാല്‍ പിന്മാറണമെന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ