കേരളം

ശബരിമലയിലേക്ക് യുവതികള്‍ കൂട്ടത്തോടെ എത്തുന്നു ; 20 അംഗ സംഘം നാളെ മല ചവിട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ശബരിമല : ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ഞായറാഴ്ച അവസാനിക്കാനിരിക്കെ ശബരിമലയിലേക്ക് കൂട്ടത്തോടെ എത്താന്‍ യുവതികള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 20 ഓളം യുവതികള്‍ മല ചവിട്ടാന്‍ തയ്യാറെടുക്കുന്നതായാണ് സൂചന. തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘടനയിലും, നവോത്ഥാനകേരളം ശബരിമലയിലൂടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയില്‍പ്പെട്ടവരുമായ യുവതികളാണ് മല ചവിട്ടാന്‍ തയ്യാറെടുക്കുന്നത്. ഇവര്‍ ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്നാണ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 

കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്തും ഷാനില സജേഷും ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്ത് എത്താനായിരുന്നില്ല. നാമജപ പ്രതിഷേധം ശക്തമായതോടെ, ഇരുവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും പൊലീസ് ബലംപ്രയോഗിച്ച് ഇറക്കുകയും മടക്കി അയക്കുകയുമായിരുന്നു. എന്നാല്‍ പുതിയ സംഘത്തില്‍ രേഷ്മയും ഷാനിലയും പങ്കുചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

അതേസമയം ശബരിമലയിലെ യുവതീപ്രവേശനത്തെ ഏതുവിധേനയും തടയുക എന്ന തീരുമാനത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍. യുവതീപ്രവേശനത്തിനെതിരെ ശബരിമല കര്‍മ സമിതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രചരണം നടത്തുന്നുണ്ട്. ഇതേത്തുടര്‍ന്ന് ആചാര സംരക്ഷണത്തിനായി യുവതികളെ തടഞ്ഞുകൊണ്ടുള്ള നാമജപ പ്രതിഷേധത്തിൽ ഇതരസംസ്ഥാന ഭക്തന്മാരും പങ്കെടുക്കുന്നുണ്ട്. 

കഴിഞ്ഞദിവസം രേഷ്മയും ഷാനിലയും മല ചവിട്ടാന്‍ എത്തിയപ്പോള്‍, മല ഇറങ്ങി വരികയായിരുന്ന ആന്ധ്ര സ്വദേശികളായ മൂന്നു ഭക്തരാണ് യുവതികളെ കാണുന്നതും, നാമജപത്തോടെ ഇവരെ തടയുന്നതും. ഇതോടെ മറ്റുഭക്തരും നാമജപവുമായി യുവതികള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ മറ്റു സംസ്ഥാന ഭക്തര്‍ പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത, ബലപ്രയോഗം അടക്കം ശക്തമായ നടപടികളില്‍ നിന്നും പൊലീസിനെ പിന്തിരിപ്പിക്കുകയാണ്. 

ശബരിമലയില്‍ ഈ മണ്ഡല സീസണില്‍ ഇതുവരെ വന്ന ഭക്തരില്‍ 90 ശതമാനം കേരളത്തിന് വെളിയില്‍ നിന്നുള്ളവരാണ്. ശബരിമലയില്‍ വീണ്ടും യുവതികള്‍ എത്തിയാല്‍ ഇതര സംസ്ഥാന ഭക്തരെ അണിനിരത്തിയുള്ള പ്രതിഷേധത്തിനാകും സംഘപരിവാര്‍ രൂപം നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ ബലപ്രയോഗം അടക്കം ശക്തമായ നടപടിക്ക് മുതിര്‍ന്നാല്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങളെ വരെ ബാധിച്ചേക്കാമെന്ന ആശങ്ക അധികൃതര്‍ മുന്നോട്ടുവെക്കുന്നു. കൂടാതെ, ശബരിമലയിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവിനേയും, അതുവഴി സാമ്പത്തിക വരുമാനത്തെയും അത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വിലയിരുത്തലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''