കേരളം

നേരത്തെ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു; പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് പറഞ്ഞത് കൂടെയുണ്ടായിരുന്നവര്‍: സൈമണ്‍ ബ്രിട്ടോ ഹൃദ്രോഗിയായിരുന്നു എന്ന്  ഡോക്ടര്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഭാര്യ സീനയുടെ പരാമര്‍ശത്തിന് പിന്നാലെ മറുപടിയുമായി ബ്രിട്ടോയെ ചികിത്സിച്ച ഡോക്ടര്‍ രംഗത്ത്. ബ്രിട്ടോയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് അന്നേദിവസം പരിശോധിച്ച തൃശ്ശൂര്‍ ദയ ആശുപത്രിയിലെ ഡോ. അബ്ദുള്‍ അസീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. തക്കസമയത്ത് എത്തിച്ചിരുന്നെങ്കില്‍ ബ്രിട്ടോയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. 

കൊണ്ടുവരുന്ന സമയത്ത് ആംബുലന്‍സില്‍ വെച്ച് ബ്രിട്ടോ സംസാരിച്ചിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. അതനുസരിച്ച് ഹൃദയത്തെ വീണ്ടും പ്രവര്‍ത്തിപ്പിക്കാനായി 'റെസുസിറ്റേഷന്‍' ചെയ്തു നോക്കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ഡോക്ടര്‍ പറയുന്നു. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ബ്രിട്ടോ വിസമ്മതിച്ചിരുന്നുവെന്ന് അന്ത്യസമയത്ത് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. സൈമണ്‍ ബ്രിട്ടോ ഹൃദ്രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും മരണ ശേഷം പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അസ്വസ്ഥത ഉണ്ടായി 12 മണിക്കൂറിലധികം കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

സൈമണ്‍ ബ്രിട്ടോയ്ക്ക് ശ്വാസതടസ്സവും നെഞ്ചില്‍ അസ്വസ്ഥത ഉണ്ടായിരുന്നുവെന്നുമാണ് കൊണ്ടുവന്നവര്‍ പറഞ്ഞത്. ഇതിന് അദ്ദേഹം സമാന്തര ചികിത്സ തേടിയിരുന്നുവെന്ന് മനസിലാക്കാനായി. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ എന്തോ തൈലം പുരട്ടുകയും ചൂടു പിടിക്കുകയും ഗുളിക കഴിക്കുകയും ചെയ്തുവെന്നാണ് കൊണ്ടുവന്നവര്‍ പറഞ്ഞത്. 

അതില്‍നിന്നുമാണ് അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും അതിന് ചികിത്സ തേടിയിരുന്ന ആളുമായിരുന്നുവെന്ന ധാരണയിലെത്തിയത്. എന്നാല്‍ ചികിത്സ സംബന്ധിച്ച രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.  കൂടെവന്നവരില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടായാല്‍ സമയത്തിന് ചികിത്സ കിട്ടിയില്ലെങ്കില്‍ അത് മരണകാരണമാകാം. ബ്രിട്ടോയ്ക്ക് ചികിത്സ കിട്ടാന്‍ വൈകിയെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുവരാന്‍ വൈകി. ആധുനിക ചികിത്സയ്ക്ക് പകരം മറ്റ് രീതികളാണ് പരീക്ഷിച്ചത്. 

സൈമണ്‍ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും അവ്യക്തത നീങ്ങിയിട്ടില്ലെന്ന്ഭാര്യ സീനാ ഭാസ്‌കര്‍ പറഞ്ഞിരുന്നു. മരണസമയത്ത് പാര്‍ട്ടിക്കാരാണ് ഒപ്പമുണ്ടായിരുന്നത്. ഇവര്‍ പലതരത്തിലുള്ള വിശദീകരണങ്ങളും നല്‍കുന്നുണ്ട്. മരണത്തില്‍ വ്യക്തത വരാനുണ്ടെന്നും പാര്‍ട്ടിക്കാണ് മരണത്തെ കുറിച്ച് പറയനാവുകയെന്നുംചാനല്‍ അഭിമുഖത്തില്‍ അവര്‍ പറയുന്നു. ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ട്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല.ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്കാണ് മരണം സംഭവിച്ചതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. മരണസമയത്ത് കൂടെയുണ്ടായിരുന്നവര്‍ പല രീതിയിലുമാണ് ഇതേക്കുറിച്ച് പറയുന്നത്. പാര്‍ട്ടിയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിയത്.നിയമസഭാ സമ്മേളനം നടക്കുമ്പോഴും ബ്രിട്ടോയ്ക്ക് വേണ്ടി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. അഞ്ചാറ് മണിക്കൂറുകളൊന്നും എസിയില്‍ ഇരിക്കാറില്ലായിരുന്നു. അതൊക്കെ മുമ്പ് ശ്രദ്ധിച്ചിരുന്നുവെന്നും സീനഭാസ്‌കര്‍ വ്യക്തമാക്കി.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഡിസംബര്‍ 31 നായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ മരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ