കേരളം

പാലാരിവട്ടം പാലം 20 വര്‍ഷം കൊണ്ട് തകരുന്ന നിലയില്‍ ; 102 ഗര്‍ഡറുകളില്‍ 97 ലും വിള്ളല്‍ ; അറ്റകുറ്റപ്പണിക്ക് 10 മാസം വേണമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പാലാരിവട്ടം മേല്‍പ്പാലത്തില്‍ അതീവ ഗുരുതര അപാകതകളുണ്ടെന്ന് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലത്തിന്റെ തുടക്കം മുതലേ അപാകതകളാണുള്ളത്. ഡിസൈനില്‍ തന്നെ അപാകതയുണ്ടെന്നും മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉപദേഷ്ടാവായ ഡോ. ഇ ശ്രീധരനെ പഠനത്തിനായി നിയോഗിച്ചത്. കഴിഞ്ഞ മാസം 17 നായിരുന്നു ശ്രീധരനെ ദൗത്യം ഏല്‍പ്പിച്ചത്. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പാലത്തിന് അതീവഗുരുതര പ്രശ്‌നങ്ങളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുകളാണ് ഉള്ളത്. ഇതില്‍ 97 നും വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രത്യേക പെയിന്റിംഗ് അടിച്ചകാരണം അത് ഒറ്റനോട്ടത്തില്‍ മനസ്സിലാകില്ല. പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരം കുറഞ്ഞതാണ്. സാധാരണഗതിയില്‍ 100 വര്‍ഷം നിലനില്‍ക്കേണ്ട പാലം 20 വര്‍ഷത്തിനകം ഇല്ലാതാകുന്ന നിലയാണ്. 

നിര്‍മ്മാണ സാമഗ്രികളും ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ല. കോണ്‍ക്രീറ്റിന് ആവശ്യമായ സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ല. കോണ്‍ക്രീറ്റിന് ഉറപ്പില്ല. ബീം ഉറപ്പിച്ച ലോഹ ബെയറിംഗുകള്‍ കേടായിരിക്കുകയാണ്. പാലത്തിന് 18 പിയര്‍ ക്യാപ്പുകള്‍ ഉണ്ട് ഇതില്‍ 16 ലും പ്രത്യക്ഷത്തില്‍ തന്നെ വിള്ളലുണ്ട്. മൂന്നെണ്ണം അതീവ അപകടകരമായ സ്ഥിതിയിലാണ്. ഇവക്കെല്ലാം കോണ്‍ക്രീറ്റ് സുരക്ഷാ ബാഗ് നിര്‍മ്മിക്കണമെന്നാണ് വിദഗ്ധ സമിതി നിര്‍ദേശിക്കുന്നത്. 

പാലത്തില്‍ അള്‍ട്രാ സൗണ്ട് പള്‍സ് വെലോസിറ്റി നടത്തിയാണ് അപാകത കണ്ടെത്തിയത്. 10 മാസം കൊണ്ടേ പാലം ഗതാഗതയോഗ്യമാകുന്ന സ്ഥിതിയിലാക്കാനാകൂ. ഇതിന് 18 കോടി രൂപ വേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. 42 കോടി രൂപ ചെലവിട്ടാണ് പാലാരിവട്ടം പാലം നിര്‍മ്മിച്ചത്. 100 വര്‍ഷം ഉപയോഗിക്കേണ്ട പാലം രണ്ടര വര്‍ഷം കൊണ്ട് ഉപയോഗശൂന്യമായി എന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാലം ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കും. ചെന്നൈ ഐഐടിയുടെ പ്രൊഫ. അളഗ സുന്ദരമൂര്‍ത്തി, കോണ്‍ക്രീറ്റിന്റെ ഉറപ്പുമായി ബന്ധപ്പെട്ട പഠനത്തില്‍ വിദഗ്ധരായ മഹേഷ് ഠണ്ടന്‍, ഷൈന്‍ വര്‍ഗീസ് തുടങ്ങിയവരുടെ സഹായത്തോടെയാണ് ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന നടന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി