കേരളം

ആശയങ്ങളുടെ ആയുധമണിയേണ്ടവര്‍ കഠാരയും കുറുവടിയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട്; വിമര്‍ശനവുമായി വിഎസ്

സമകാലിക മലയാളം ഡെസ്ക്

യൂണിവേഴ്‌സിറ്റി കോളജില്‍ അക്രമം അഴിച്ചുവിട്ട എസ്എഫ്‌ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിഎസ് അച്യുതാനന്ദന്‍. ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആയുധം. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാന്‍.- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 


വിഎസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് രാവിലെ തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ എസ്എഫ്‌ഐ യുടെ 'പഠനോത്സവം' പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചതായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി തന്നില്ല. 
കൊച്ച് കുട്ടികള്‍ക്ക് പഠനോപകരണ വിതരണം, കുറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കല്‍, അന്ധ ദമ്പതികള്‍ക്ക് ധനസഹായം എന്നിങ്ങനെയുള്ള കുറെയേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നല്ലൊരു മാതൃകയാണ് പഠനോത്സവം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഗവര്‍മെണ്ട് ആര്‍ട്ട്‌സ് കോളേജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷെ, അത് മാത്രമായിരുന്നില്ല, അവിടെ പറയാനുദ്ദേശിച്ചത്. ഈയിടെ നടന്ന, എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉന്നത മൂല്യങ്ങളേയും നന്മകളേയുമെല്ലാം നിരസിക്കുന്ന ചില കിരാത നടപടികളെ വിമര്‍ശിക്കാനും ഞാന്‍ ആ വേദി ഉപയോഗിക്കുമായിരുന്നു. ജന പ്രതിനിധികളും യുവജന നേതാക്കളും രാഷ്ട്രീയ നേതൃത്വവും മന്ത്രിമാരുമെല്ലാം അവിടെ നടന്ന നടപടികളെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആയുധം. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസ്സുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാന്‍.

ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി