കേരളം

ആര്‍എസ്എസ് ഹിന്ദുധ്രുവീകരണത്തിന് ശ്രമിച്ചപോലെ ലീഗ് മുസ്ലീം ധ്രുവീകരണത്തിന് ശ്രമിച്ചു: കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയത്തിന്റെ ആഴം സംസ്ഥാന സമിതി തിരിച്ചറിയുന്നു. പരാജയത്തിന്റെ കാരണം ബൂത്തുതലം മുതല്‍ ആഴത്തില്‍ പരിശോധിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി താത്കാലികം മാത്രമാണെന്നും സിസിപിഎം സംസ്ഥാന സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

പരാജയത്തിന് ഓരോ സ്ഥലത്തും വ്യത്യസ്ത കാരണങ്ങള്‍ ഉണ്ട്. മോദി വിരുദ്ധ പ്രചാരണത്തിന്റെ നേട്ടം കൊയ്തത് യുഡിഎഫാണ്. ഇടതുപക്ഷത്തിനോട് ശത്രുത ഇല്ലാത്തവരും യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തു. മാധ്യമസര്‍വ്വേകളും യുഡിഎഫിന് അനുകൂലമായെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ് യുഡിഎഫിന് വോട്ടുമറിച്ചു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്ന ഒറ്റ അജന്‍ഡയായിരുന്നു ആര്‍എസ്എസിനും ബിജെപിക്കുമെന്നും കോടിയേരി ആരോപിച്ചു.

മുസ്ലീം ലീഗ് മറ്റു മുസ്ലീം സംഘടനകളെ ഏകോപിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആര്‍എസ്എസ് ഹിന്ദുധ്രൂവീകരണത്തിന് ശ്രമിച്ചപോലെ ലീഗ് മുസ്ലീം ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. തീവ്രവാദ നിലപാടുളളവരെയും ലീഗ് കൂടെ കൂട്ടിയെന്നും കോടിയേരി ആരോപിച്ചു.

ശബരിമലപ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നുവെന്നും കോടിയേരി ആവര്‍ത്തിച്ചു. കോണ്‍ഗ്രസും ബിജെപിയും ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി ആദ്യം സ്വാഗതം ചെയ്തു. പിന്നീട് സമുദായ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിലപാടുമാറ്റി. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ വീടുകള്‍ തോറും ബിജെപിയും യുഡിഎഫും നടത്തിയ പ്രചാരവേലയുടെ പൊളളത്തരം തുറന്നുകാണിക്കാന്‍ സാധിച്ചില്ല. ഇവരുടെ പ്രചാരവേലയില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇത് തുറന്നുകാട്ടാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്നും കോടിയേരി പറഞ്ഞു. ജനുവരി ഒന്നിന് ശേഷം കാര്യമായി നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും കോടിയേരി പറഞ്ഞു.

അഞ്ചുവര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ ഉയര്‍ന്ന രൂപമാണ് ഇനി കാണാന്‍ പോകുന്നത്. അദാനിയെ തിരുവനന്തപുരം വിമാനത്താവളം ഏല്‍പ്പിക്കും. ശക്തമായ ഉദാരവത്കരണ നയങ്ങളിലേക്ക് സര്‍ക്കാര്‍ പോകുമെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍