കേരളം

ബാലഭാസ്‌കറിന്റെ അപകടമരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളോ ?; ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് ; ട്രൂപ്പ് മാനേജര്‍ പ്രകാശ് തമ്പിയെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പി, സ്വര്‍ണ്ണക്കടത്തുകേസില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അപകടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രകാശ് തമ്പിയുടെ മൊഴി രേഖപ്പെടുത്തുന്നത്. 

പ്രകാശ് തമ്പിയുടെയും ബാലഭാസ്‌കറിന്റെയും സാമ്പത്തിക ഇടപാടുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പ്രകാശ് തമ്പിയില്‍ നിന്നും സംഘം വിവരം ശേഖരിക്കും. സാമ്പത്തിക ഇടപാടും അപകടവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അപകടസ്ഥലത്ത് അസ്വാഭാവികമായ ചിലത് കണ്ടെന്ന് ദൃക്‌സാക്ഷിയായ കലാഭവന്‍ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കസ്റ്റഡിയില്‍ എടുക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. അപകടസ്ഥലത്തുനിന്നും ഒരാള്‍ ഓടിപ്പോകുന്നതും, മറ്റൊരാള്‍ ബൈക്കില്‍ പോകുന്നതും കണ്ടെന്നാണ് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നു. ഇക്കാര്യം ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പിയെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും സോബി വ്യക്തമാക്കിയിരുന്നു. 

ബാലഭാസ്‌കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്റര്‍ കൂടിയായ പ്രകാശ് തമ്പിയും മറ്റൊരു സുഹൃത്തും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായതോടെയാണ്, അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് തോന്നിയതെന്നും കലാഭവന്‍ സോബി പറഞ്ഞു. സംഭവം അന്വേഷിക്കുന്ന പൊലീസ് സംഘം ഇതുവരെ തന്നെ വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം മൊഴി നല്‍കാന്‍ ഇപ്പോഴും തയ്യാറാണെന്നും കലാഭവന്‍ സോബി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര