കേരളം

സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു; ലളിതകലാ അക്കാദമി തീരുമാനം പുനഃപരിശോധിക്കണം: എകെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ വിവാദമായ കാര്‍ട്ടൂണ്‍ പുരസ്‌കാരം പപുനഃപരിശോധിക്കണമെന്ന നിലപാടിലുറച്ച് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ, പുരസ്‌കാരം പിന്‍വലിക്കില്ലെന്നും ജൂറി തീരുമാനം അന്തിമമാണെന്നും ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ നേമം പുഷ്പരാജ് പറഞ്ഞിരുന്നു. 

മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നും പുരസ്‌കാരം നല്‍കിയ നടപടി പുനഃപരിശോധിക്കും എന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിനെ ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലല്ലല്ലെന്നും മന്ത്രി പറഞ്ഞു. 

എന്നാല്‍ ഇതിനെ തള്ളി രംഗത്തെത്തിയ അക്കാദമി, പ്രഗത്ഭരായ ജൂറിമാരാണ് പുരസ്‌കാരത്തിനായി കാര്‍ട്ടൂണ്‍ തെരഞ്ഞെടുത്തതെന്നും പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി. ജൂറി തീരുമാനം അംഗീകരിക്കാനുള്ള നിലപാട് അക്കാദമി ഏകകണ്‌ഠേന സ്വീകരിച്ചുവെന്ന് നേമം പുഷ്പരാജ് പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിക്കുന്ന തരത്തിലാണ് കാര്‍ട്ടൂണെങ്കില്‍ അക്കാര്യം ആവശ്യമെങ്കില്‍ മാത്രം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാദമി നിയോഗിച്ച പ്രഗത്ഭരായ ജഡ്ജസാണ് അവാര്‍ഡ് തീരുമാനിച്ചത്. വ്യക്തിപരമായി വിരോധുമുള്ളവരുടെ ചിത്രങ്ങള്‍ മാറ്റിവയ്ക്കുകയും മറ്റുള്ളവരുടെ ചിത്രങ്ങള്‍ അവാര്‍ഡിന് പരഗണിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം മുമ്പുണ്ടായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു. ചിത്രകലയുടെയും ശില്‍പകലയുടെയും കാര്യത്തില്‍ ഏറ്റവും പ്രഗഗത്ഭരാണ് ജൂറി അംഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ആദ്യറൗണ്ട് സെലക്ഷന്‍ തന്നെ ഏറ്റവും പ്രഗത്ഭരായ വ്യക്തികളാണ് നടത്തിയത്. ഫൈനല്‍ റൗണ്ട് സെലക്ഷന്‍ നടത്തിയത് കെഎസ് രാധാകൃഷ്ണന്‍, എസ് ജെ വാസുദേവ്, സുരേന്ദ്രന്‍ നായര്‍ എന്നിവരാണ്. ആര്‍ടിസ്റ്റുകള്‍ക്ക് സ്വീകാര്യമായ സെലക്ഷനാണ് ഇത്തവണ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അക്കാദമി നിലകൊള്ളുന്നത്. അതിന് വ്യത്യസ്തമായി ഭരണഘടനാപരമായി ഞങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും പുഷ്പരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ചിരിക്കുന്ന കെകെ സുഭാഷിന്റെ കാര്‍ട്ടൂണാണ് വിവാദമായത്. മതചിഹ്നങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കരുത് എന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സഭകളും സംഘടനകളും രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി